തിരുവനന്തപുരം: പാറ്റൂർ മൂലവിളാകം ജംഗ്ഷനിൽ ആക്രമണത്തിനിരയായ വീട്ടമ്മയെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാണെന്ന് മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ വീഴ്ച വരുത്തിയെന്ന് കരുതുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് വീട്ടമ്മ മന്ത്രിയെ അറിയിച്ചു.
ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൈക്കൊണ്ട നിലപാട് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് പിന്നീട് മാധ്യമപ്രവർത്തകരെ കണ്ട മന്ത്രി പറഞ്ഞു. ഏതു വിഷയത്തിനേയും സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള പ്രതിപക്ഷ നേതാവിൻ്റെ ശ്രമം രാഷ്ട്രീയ അന്തരീക്ഷം മലീമസമാക്കും. രാഷ്ട്രീയ വിവാദങ്ങളിൽ കുടുംബാംഗങ്ങളെ മുൻനിർത്തി അനാവശ്യ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവിന്റെ ശൈലിയേയും ശിവൻകുട്ടി വിമർശിച്ചു.