ബ്രഹ്മപുരത്ത് തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് പോലീസിൻ്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തും.
ബ്രഹ്മപുരത്ത് തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങൾ ഉൾപ്പെടെ, ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾ സംബന്ധിച്ചും, മാലിന്യസംസ്കരണ പദ്ധതി പ്രവർത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങൾ ഭാവിയിൽ ഒഴിവാക്കാനും കഴിയുന്ന നിർദ്ദേശങ്ങൾ സമർപ്പിക്കാനായി സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുന്നതാണ്. താഴെപ്പറയുന്ന ടേംസ് ഓഫ് റഫറൻസിൻ്റെ അടിസ്ഥാനത്തിൽ ഈ സംഘം അന്വേഷണം നടത്തും.
തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തെല്ലാം?
ഭാവിയിൽ തീപിടുത്തം ഉണ്ടാകാതിരിക്കാൻ നടപ്പിലാക്കേണ്ട നടപടികൾ എന്തെല്ലാം?
ഖരമാലിന്യ സംസ്കരണ-മാലിന്യ നിക്ഷേപ കേന്ദ്രമെന്ന നിലയിൽ നിലവിലെ സ്ഥലം എത്രത്തോളം അനുയോജ്യമാണ്?
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ നിരീക്ഷണങ്ങളും നിർദേശങ്ങളും എത്രത്തോളം പാലിക്കപ്പെട്ടിട്ടുണ്ട്?
നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ടെകിൽ അതിന്റെ ഉത്തരവാദികൾ ആരൊക്കെയാണ്?
വിൻഡ്രോ കമ്പോസ്റ്റിംഗ് നടപ്പിലാക്കാൻ ഏർപ്പെട്ട ഉടമ്പടിയിൽ പിഴവുകൾ ഉണ്ടായിരുന്നുവോ?
കൊച്ചി കോർപറേഷൻ ബ്രഹ്മപുരത്തെ പ്രവൃത്തി കൃത്യമായി നിരീക്ഷിച്ചിരുന്നുവോ? അതിൻ്റെ ഉത്തരവാദിത്തം ആർക്കായിരുന്നു? പ്രവൃത്തിയിൽ ന്യൂനതകൾ ചൂണ്ടിക്കാണിച്ചിരുന്നോ ?
പ്രവൃത്തിയിൽ ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിക്കുന്നതിന് കരാറുകാർ സ്വീകരിച്ച നടപടികൾ എന്തെല്ലാം?
കൊച്ചി കോർപറേഷനിലെ ഖര മാലിന്യം സംഭരിക്കാനും സംസ്കരിക്കാനും ഉദ്ദേശിച്ച സ്ഥലത്ത് മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യം കൂടി വരാനുള്ള കാരണമെന്ത്?
നിലവിൽ സ്ഥാപിച്ചിട്ടുള്ള വിൻഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഘടകങ്ങൾ എന്തെല്ലാം?
വിൻഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റിൻ്റെ ശോചനീയാവസ്ഥക്കും നടത്തിപ്പിലെ വീഴ്ചകൾക്കും ഉത്തരവാദികൾ ആരെല്ലാം?
മുൻകാല മാലിന്യം കൈകാര്യം ചെയ്യാനെടുത്ത നടപടികളുടെ വിശകലനവും കാലതാമസത്തിനുള്ള കാരണങ്ങളും.
ബയോ റെമഡിയേഷൻ പ്രക്രിയ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒപ്പിട്ട കരാർ പ്രകാരം കോർപറേഷൻ്റെയും കരാറുകാരുടെയും ചുമതലകൾ അതത് കക്ഷികൾ എത്രത്തോളം പാലിച്ചിരുന്നു?
കൊച്ചി കോർപറേഷൻ പരിധിക്കുള്ളിൽ ജൈവ, അജൈവ മാലിന്യ ശേഖരണത്തിനും അവ സംസ്കരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുമുള്ള സംവിധാനം എന്തായിരുന്നു? കരാറുകാരുടെ പ്രവർത്തനം വിലയിരുത്തിയത് എങ്ങനെയായിരുന്നു? തരം തിരിക്കാതെ മാലിന്യം ശേഖരിക്കുന്നതിനും ബ്രഹ്മപുരത്ത് നിക്ഷേപിക്കുന്നതിനും തീരുമാനിക്കാനുള്ള കാരണമെന്ത്? ഇത് പരിഹരിക്കാനെടുത്ത നടപടികൾ എന്തെല്ലാം?
വലിയ തോതിലുള്ള ഖരമാലിന്യം ഉണ്ടാവുന്ന കേന്ദ്രങ്ങളിൽ ഉറവിട മാലിന്യ സംസ്കരണം ഉറപ്പാക്കാൻ എത്രത്തോളം സാധിച്ചിട്ടുണ്ട്?
ദുരന്തനിവാരണ നിയമത്തിൻ്റെ പ്രയോഗം
ബ്രഹ്മപുരം തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിൽ തീ അണയ്ക്കുവാനും നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും ദുരന്ത നിവാരണ നിയമത്തിലെ 24 (ഇ) വകുപ്പ് പ്രകാരം എംപവേഡ് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കുറ്റമറ്റ രീതിയിലുള്ള മാലിന്യ സംസ്കരണം ഉറപ്പുവരുത്തുന്നതിനും അതിനായി തയാറാക്കിയിട്ടുള്ള സമഗ്ര കർമ്മ പരിപാടി സമയബന്ധിതമായി നടപ്പിലാക്കാനും തടസങ്ങൾ നീക്കം ചെയ്യാനും ദുരന്തനിവാരണ നിയമത്തിലെ 24 (എൽ) വകുപ്പ് പ്രകാരം സർക്കാർ എംപവേഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തും.
കൊച്ചിയിലെ പ്രവർത്തനങ്ങൾ പ്രത്യേകമായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ദൈനംദിനം വിലയിരുത്തും. ഇതിനു പുറമെ തദ്ദേശസ്വയംഭരണ, വ്യവസായ മന്ത്രിമാർ എല്ലാ ആഴ്ചയിലും അവലോകനം നടത്തും.
ആരോഗ്യ പഠനം
തീപിടിത്തത്തെ തുടർന്ന് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിന് സമഗ്രമായ ആരോഗ്യ സർവേ ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലും നടത്തുന്നുണ്ട്. ദീർഘകാലത്തേക്ക് നിലനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുള്ള ഘടകങ്ങൾ മണ്ണിലോ വെള്ളത്തിലോ മനുഷ്യ ശരീരത്തിലോ ഉണ്ടോ എന്നറിയാൻ ശാസ്ത്രീയമായ പഠനവും വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തും.
സംസ്ഥാനതല കർമ്മപദ്ധതി
ബ്രഹ്മപുരത്തിൻ്റെ പാഠം, കൊച്ചിയിൽ മാത്രമല്ല, സംസ്ഥാനത്താകെ മാലിന്യ സംസ്കരണമെന്ന ചുമതല യുദ്ധകാലാടിസ്ഥാനത്തിലും വിട്ടുവീഴ്ചയില്ലാതെയും നടപ്പാക്കണമെന്നതാണ്.. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കുള്ള ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർണയിച്ചും സമയബന്ധിതമായി സമഗ്രമായ കർമപദ്ധതി വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പാക്കാൻ സർക്കാർ നേതൃത്വം നൽകും. ഖരദ്രവമാലിന്യങ്ങൾ, കെട്ടിടാവശിഷ്ടങ്ങൾ, ബയോമെഡിക്കൽ മാലിന്യങ്ങൾ, ഇ-വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ എന്നിവയുടെ ശാസ്ത്രീയമായ സംസ്കരണവും ഇതിന്റെ ഭാഗമായി ഒരുക്കും. ജനങ്ങളെയാകെ ബോധവൽക്കരിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. മാലിന്യ സംസ്കരണം സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും സംസ്ഥാനത്താകെ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തും. നിയമലംഘനം നടത്തുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികൾ സ്വീകരിക്കും. മാലിന്യ സംസ്കരണ പ്ലാന്റുകൾക്കെതിരായി സങ്കുചിത താല്പര്യത്തോടെ ആസൂത്രിതമായി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങൾ കേരളത്തിന് ഇനിയും താങ്ങാനാവില്ല. അത്തരം പ്രതിഷേധങ്ങളെ ഇനിയും വകവെച്ചുകൊടുത്തുകൊണ്ട് മുന്നോട്ടു പോകാനാവില്ല.
മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാനായി രണ്ട് ഘട്ടങ്ങളായുള്ള സമഗ്ര പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. മാർച്ച് 13 മുതൽ മെയ് 31 വരെയും സെപ്തംബർ ഒന്ന് മുതൽ ഡിസംബർ 31 വരെയുമുള്ള രണ്ട് ഘട്ടങ്ങളായാണ് സർക്കാർ ഇത് നടപ്പാക്കുക. ഉറവിട മാലിന്യസംസ്കരണം, അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം, ഹരിതകർമ സേനയുടെ സമ്പൂർണ വിന്യാസം, പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കൽ, ജലസ്രോതസ്സുകളുടെ ശുചീകരണം എന്നിവ ഈ കർമ്മപദ്ധതിയുടെ പ്രധാന ഉള്ളടക്കമാണ്. ഗാർഹിക ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ തദ്ദേശസ്ഥാപനങ്ങൾ മുഖേന ലഭ്യമാക്കും. തദ്ദേശ സ്ഥാപന , ജില്ലാ, സംസ്ഥാന തലങ്ങളിൽ വാർ റൂമുകൾ സജ്ജീകരിക്കും, ജില്ലാതലത്തിൽ എൻഫോഴ്സ്മെന്റ് ടീമുകളും വിജിലൻസ് സ്ക്വാഡുകളും രൂപീകരിക്കും. കർമ്മ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് തദ്ദേശ സ്ഥാപന തലത്തിൽ സോഷ്യൽ ഓഡിറ്റും നടത്തും. ഇനിയും മെല്ലെപ്പോക്ക് ഇക്കാര്യങ്ങളിൽ തുടരനാവില്ല. ദൃഢനിശ്ചയത്തോടെ സർക്കാർ മുന്നോട്ടുപോവുക തന്നെ ചെയ്യും.
അന്താരാഷ്ട്ര വൈദഗ്ധ്യം
ബ്രഹ്മപുരത്തിൻ്റെ പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികൾക്കും സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. ലോക ബാങ്ക് ഇതിനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞിട്ടുണ്ട്, മാർച്ച് 21- 23 തീയതികളിലായി ഇതിനായി ലോക ബാങ്ക് പ്രതിനിധി സംഘവുമായി ചർച്ചകൾ നടത്തും. മറ്റ് ഏജൻസികളുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തും.
ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ മാലിന്യ സംസ്കരണമെന്ന ലക്ഷ്യം നമുക്ക് സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതിനായി കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും അണിനിരക്കുന്ന ഒരു ജനകീയ യത്നം നമുക്ക് ആരംഭിക്കാം. ബ്രഹ്മപുരം സൃഷ്ടിച്ച പ്രതിസന്ധിയെ ശുചിത്വ കേരളമെന്ന ലക്ഷ്യം നേടുന്നതിനുള്ള അവസരമാക്കി മാറ്റാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.