തിരുവനന്തപുരം: എസ്.എസ്.എൽ.സി ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എസ് എസ് എൽ സി പരീക്ഷ മാർച്ച് 9 ന് ആരംഭിച് മാർച്ച് 29 ന് അവസാനിക്കും. പരീക്ഷ രാവിലെ 9.30 ന് ആരംഭിക്കും. 4,19,362 റഗുലർ വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 192 പേർ പ്രൈവറ്റായി പരീക്ഷയെഴുതും 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷ എഴുതും.
കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകൾ
എസ്.എസ്.എൽ.സി ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ നടക്കും. പതിനെട്ടായിരത്തിൽ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ അഞ്ചിന് പരീക്ഷാ ഭവനിൽ ആരംഭിയ്ക്കും. പരീക്ഷാ ഫലം മെയ് രണ്ടാം വാരം പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.
ഹയർ സെക്കണ്ടറി പരീക്ഷ
ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 പേർ രണ്ടാം വർഷ പരീക്ഷയും എഴുതും. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. ഹയർ സെക്കണ്ടറി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണ്ണയ ക്യാമ്പുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 25,000അധ്യാപകരുടെ സേവനം മൂല്യനിർണ്ണയ ക്യാമ്പുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്.
വൊക്കേഷണൽ ഹയർ സെക്കണ്ടറി
വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷകൾ ആരംഭിക്കും. മൊത്തം മുന്നൂറ്റി എൺപത്തിയൊമ്പത് കേന്ദ്രങ്ങളിലായി ഒന്നാം വർഷ് 28,820 ഉം രണ്ടാം വർഷത്തിൽ 30,740 ഉം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകർ വേണ്ടി വരും. ഏപ്രിൽ 3 ന് മൂല്യനിർണ്ണയം ആരംഭിക്കും. 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷ മാർച്ച് 13 ന് ആരംഭിച്ച് 30 ന് അവസാനിക്കും.
പാഠപുസ്തകം വിതരണം
2023 – 24 അദ്ധ്യയന വർഷത്തെ പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട ഒന്നാം വാല്യം ആകെ 2.81 കോടി പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണെന്ന് കെ.ബി.പി.എസ്. അറിയിച്ചിട്ടുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളിലെ 40 ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി ജില്ലാ ഹബുകളിൽ എത്തിച്ചിട്ടുണ്ട്. കുടുംബശ്രീ വഴിയാണ് പാഠപുസ്തകങ്ങൾ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. 2023 – 24 അദ്ധ്യയന വർഷത്തെ പാഠപുസ്തക വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 25 ന് വൈകുന്നേരം 3.00 മണിക്ക് ആലപ്പുഴയിൽ നടക്കും.
പരീക്ഷാപ്പേടി അകറ്റാൻ വി-ഹെൽപ്പ്
കുട്ടികൾക്കായി ടോൾ ഫ്രീ നമ്പർ
ഹയർ സെക്കണ്ടറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് വി ഹെൽപ്പ് ടോൾ ഫ്രീ ടെലിഫോൺ സഹായകേന്ദ്രം മാർച്ച് മൂന്നിന് പ്രവർത്തനമാരംഭിച്ചു. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 1 8 0 0 4 2 5 2 8 4 4 എന്ന നമ്പറിൽ വിളിക്കാം. ടോൾ ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാണ്. എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്. സ്കൂൾ തലത്തിൽ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഹയർസെക്കണ്ടറി കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസലിംഗ് സെല്ലിൻ്റെ നേതൃത്വത്തിലാണ് വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ഹൗ ആർ യു
പരീക്ഷാ കാല ആശങ്കകൾ മാറ്റുന്നതിനും ആരോഗ്യ വൈകാരിക പ്രശ്നങ്ങൾ ദുരീകരിക്കുന്നതിനും വി.എച്ച്.എസ്.സി. വിദ്യാർത്ഥികൾക്കു വേണ്ടി ഹെൽപ്പ് ലൈൻ മാർച്ച് എട്ടിന് ആരംഭിക്കും. 0 4 7 1 2 3 2 0 3 2 3 എന്ന നമ്പറിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാം. പൊതുപരീക്ഷാ ദിവസങ്ങളിൽ വൈകുന്നേരം 4.30 മുതൽ 6.30 വരെ പ്രശസ്ത സൈക്കോളജിസ്റ്റുകൾ ടെലി കൗൺസലിംഗ് നടത്തും. പരീക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 മണി വരെ പ്രവൃത്തി ദിനങ്ങളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാവുന്നതാണ്.
സ്കൂൾ കുട്ടികൾക്ക് 5 കിലോ അരി
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികൾക്കും മദ്ധ്യവേനൽ അവധിക്കാലത്തേക്ക് 5 കിലോഗ്രാം അരി വീതം നൽകും. മാർച്ച് 20 ന് അരി വിതരണം ആരംഭിക്കും.