പുരോഗമന ചിന്തയിലും പ്രവൃത്തിയും കേരളം മുൻപോട്ട് പോകുമ്പോഴും ജാതിവെറി ഇന്നും മനുഷ്യർക്കിടയിൽ നിലനിൽക്കുന്നുണ്ടെന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് സംവിധായകൻ അരുൺരാജ്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അരുൺരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ ജാതി അധിക്ഷേപ കമന്റാണ് പ്രത്യക്ഷപ്പെട്ടത്. ‘ബാക്കി പുറകെ,’ എന്ന ക്യാപ്ഷനോടെയായിരുന്നു അരുൺരാജ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
‘ഇവൻ ആണോ അരുൺരാജ്, മമ്മൂട്ടിയെ വെച്ച് സിനിമ എടുക്കാൻ പോകുന്നത് ഈ കറുത്തിരിക്കുന്നവൻ ആണോ. പുലയന്മാർക്ക് ആർക്കും മമ്മൂക്ക ഡേറ്റ് കൊടുക്കില്ല. ഇവന്മാർ എന്നും ഞങ്ങളുടെ അടിമകളാണ്. പോയി വല്ല കൂലിപ്പണിയും ചെയ്യാൻ പറ. പുലയൻ്റെ മോൻ,’ എന്നാണ് പ്രിയ രതീഷ് എന്ന അക്കൗണ്ടിൽ നിന്നും ഈ പോസ്റ്റിന് വന്ന കമന്റ്. പിന്നാലെ അരുൺ രാജിന് പിന്തുണയുമായി നിരവധി പേർ രംഗത്ത് വന്നു.
ശേഷം ഈ ജാതി അധിക്ഷേപ കമന്റിന് അരുൺ രാജ് തന്നെ മറുപടി നൽകി. കമന്റിൻ്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് താൻ പുലയനാണെന്ന് അഭിമാനത്തോടെ പറയുമെന്നാണ് അരുൺ രാജ് കുറിച്ചത്. താൻ ജാതിയോ മതമോ നിറമോ എവിടെയും മറച്ചുവെച്ചിട്ടില്ലെന്നും അതറിഞ്ഞുകൊണ്ടാണ് നിർമ്മാതാക്കൾ തൻ്റെ ഒപ്പം നിന്നതെന്നും അരുൺരാജ് പറഞ്ഞു.
ജാതി-മത വ്യത്യാസമില്ലാതെ ഏവരെയും ഒരുപോലെ കാണുന്ന ആളാണ് മമ്മൂട്ടിയെന്നും അതുകൊണ്ട് തനിക്കും തൻ്റെ സിനിമക്കും ഒരു പ്രശ്നവുമില്ലെന്നും അരുൺരാജ് കൂട്ടിച്ചേർത്തു. ഇതിനുമുൻപും ഇങ്ങനെ പല രീതിയിൽ ആക്ഷേപം കേൾക്കേണ്ടതും കാണേണ്ടതുമായി വന്നിട്ടുണ്ടെന്നും ഇനിയും അങ്ങനെയുണ്ടായാൽ ഈ രീതിയിൽ അല്ല പ്രതികരിക്കുന്നതെന്നും അരുൺരാജ് തൻ്റെ നിലപാട് അറിയിച്ചു.