കണ്ണൂർ: ഈ മാസം ഇരുപതാം തീയതി തുടങ്ങിയ ജനകിയ പ്രതിരോധ ജാഥ ജനകീയമുന്നേറ്റമായി മാറിയിരിക്കുകയാണ്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പതിനായിരക്കണക്കിന് ആളുകളാണ് ജാഥയെ സ്വീകരിക്കാനായി എത്തുന്നത്. വ്യാഴാഴ്ച തലശ്ശേരിയിലെ സ്വീകരണ കേന്ദ്രത്തിൽ വികാരഭരിതമായ നിമിഷങ്ങൾക്കാണ് ജനങ്ങൾ സാക്ഷ്യം വഹിച്ചത്. അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ചിത്രമുള്ള പ്ലക്കാർഡും കട്ടൗട്ടുകളുമായാണ് സ്വീകരണ കേന്ദ്രത്തിലേക്ക് ആളുകൾ എത്തിയത്.
യു ഡി എഫും ബിജെപിയും കൈകോർത്ത് നടത്തുന്ന കലാപ സമാനമായ അക്രമ സമരത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സർക്കാറിനെതിരായ സമരത്തിൽ ജനങ്ങളെ അണിനിരത്താനുള്ള യുഡിഎഫ്, ബിജെപി സംയുക്ത ശ്രമം ദയനീയമായി പരാജയപ്പെട്ടപ്പോഴാണ് അക്രമ സമരത്തിനും കലാപത്തിനും ഇരു കൂട്ടരും ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യ പെൻഷനൊന്നും നൽകേണ്ടതില്ല എന്നാണ് യുഡിഎഫ്, ബിജപി നിലപാട്. ഇ കെ നായനാർ സർക്കാർ കർഷക തൊഴിലാളി പെൻഷൻ ഏർപ്പെടുത്തിയപ്പോഴും ഇതേ നിലപാടാണ് സ്വീകരിച്ചത്. പെൻഷൻ പ്രത്യുൽപാദനപരമല്ലെന്നാണ് അന്ന് യുഡിഎഫ് ആക്ഷേപിച്ചത്. അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
യുഡിഎഫ്- ബിജെപി അക്രമ സമരം: ശക്തമായ ജനകീയ പ്രതിരോധമുയരും; എം വി ഗോവിന്ദൻ