തിരുവനന്തപുരം: ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിൻ്റെ ഭാഗമായി 80 ലക്ഷത്തോളം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ രംഗത്ത് ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നൽകിയാണ് കാമ്പയിൻ ആരംഭിച്ചത്.
സംസ്ഥാനത്തെ ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് വിപുലമായ പദ്ധതിയാണ് നടപ്പാക്കുന്നത്. ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള രാജ്യത്തെ ഏക സാംക്രമികേതര രോഗ പദ്ധതിയായ ശൈലി പോർട്ടൽ വികസിപ്പിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഈ ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയിരുന്നു. ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച ജനകീയ കാമ്പയിനും സ്ക്രീനിംഗും ആരോഗ്യ രംഗത്ത് രാജ്യത്തെ തന്നെ മികച്ച മാതൃകയായി. ആരോഗ്യ മേഖലയിലെ പുതിയ പ്രവർത്തനങ്ങൾ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തിൽ അവതരിപ്പിച്ചിരുന്നു.
ഇ ഹെൽത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിൻ്റെ സഹായത്തോടെ ആരോഗ്യ പ്രവർത്തകർ നേരിട്ട് വീട്ടിലെത്തിയാണ് 30 വയസിന് മുകളിലുള്ളവരെ സ്ക്രീനിംഗ് നടത്തുന്നത്. ജീവിതശൈലീ രോഗങ്ങളും കാൻസറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ ഭേദമാക്കാൻ കഴിയുന്നു. ഇതുവരെ ആകെ 79,41,962 പേരെ സ്ക്രീനിംഗ് നടത്തിയതിൽ 19.97 ശതമാനം പേർ (15,86,661) ഏതെങ്കിലും ഗുരുതര രോഗം വരുന്നതിനുള്ള റിസ്ക് ഫാക്ടർ ഗ്രൂപ്പിൽ വന്നിട്ടുണ്ട്. 11.02 ശതമാനം പേർക്ക് (8,75,236) രക്താതിമർദ്ദവും, 8.88 ശതമാനം പേർക്ക് (7,05,475) പ്രമേഹവും, 3.88 ശതമാനം പേർക്ക് (3,08,825) ഇവ രണ്ടും സംശയിക്കുന്നുണ്ട്. കാൻസർ കൺട്രോൾ സ്ട്രാറ്റജിയുടെ ഭാഗമായി കാൻസർ നിർണയത്തിനായി കാൻസർ സ്ക്രീനിംഗ് ഡാഷ്ബോർഡ് വികസിപ്പിച്ചു. ഇതിലൂടെ 6.49 ശതമാനം പേർക്ക് (5,15,938) കാൻസർ സംശയിച്ച് റഫർ ചെയ്തിട്ടുണ്ട്. 0.32 ശതമാനം പേർക്ക് വദനാർബുദവും, 5.53 ശതമാനം പേർക്ക് സ്തനാർബുദവും, 0.79 ശതമാനം പേർക്ക് ഗർഭാശയ കാൻസറും സംശയിച്ച് റഫർ ചെയ്തിട്ടുണ്ട്. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കി വരുന്നു. നവകേരളം കർമ്മ പദ്ധതി ആർദ്രം മിഷൻ രണ്ടിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.