തിരുവനന്തപുരം: നിലവിട്ട കുത്തിത്തിരിപ്പുകൾക്കും വ്യാജ വാർത്താ നിർമ്മിതിക്കും ഇടയിലും കേരളത്തിൻ്റെ നേട്ടങ്ങൾ തുറന്നുസമ്മതിക്കാൻ മലയാള മനോരമ നിർബന്ധിതമാകുന്നത് ചൂണ്ടിക്കാണിച്ച് മന്ത്രി എം ബി രാജേഷ്. കേന്ദ്ര സർക്കാരും എൽ ഡി എഫ് ഗവൺമെന്റും നടപ്പാക്കുന്ന നയങ്ങളിലെ വ്യത്യാസം വ്യക്തമാക്കുന്ന രണ്ട് വാർത്തകൾ മന്ത്രി ഫേസ് ബുക്കിൽ പങ്കു വെച്ചു. വിവിധ ഉന്നത വിദ്യാഭ്യാസ-സ്കൂൾ സ്കോളർഷിപ്പുകൾ കേന്ദ്ര സർക്കാർ വെട്ടികുറച്ചതും കേരളം സ്കോളർഷിപ്പ് നൽകുന്നതും സംബന്ധിച്ച വർത്തകളാണ് മന്ത്രി താരതമ്യപെടുത്തിയത്.
ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം:
രണ്ട് വാർത്തകൾ രണ്ടും മലയാള മനോരമയിലാണ് കേട്ടോ! ഒന്ന് കേന്ദ്രത്തെക്കുറിച്ച്. മറ്റൊന്ന് കേരളത്തെക്കുറിച്ച്. വിവിധ ഉന്നത വിദ്യാഭ്യാസ-സ്കൂൾ സ്കോളർഷിപ്പുകളിൽ 12 ഇനം സ്കോളർഷിപ്പുകൾക്കുള്ള തുക കേന്ദ്രം വെട്ടിക്കുറച്ചത് രണ്ടായിരം കോടിയിലേറെ! എന്നാൽ കേരളം ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴി ഏർപ്പെടുത്തിയത് ആയിരം സ്കോളർഷിപ്പുകൾ.
കേന്ദ്രസർക്കാർ തുക വെട്ടിക്കുറയ്ക്കുന്നത് വഴി സ്കോളർഷിപ്പ് ലഭിക്കുന്ന കുട്ടികൾക്ക് നഷ്ടം നേരിടുമ്പോൾ കേരളത്തിൽ സ്കോളർഷിപ്പ് ലഭിക്കുന്ന ഡിഗ്രി വിദ്യാർത്ഥികൾക്ക് മൂന്ന് വർഷം കൊണ്ട് 54000 രൂപയും പി.ജി വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രുപയും ലഭിക്കും. രണ്ട് സർക്കാർ, രണ്ട് നയം. എന്താണ് ഇടത് ബദൽ എന്ന് പുച്ഛിക്കുന്നവർ അറിയുക. ഇത് ഇടത് ബദലിൻ്റെ ഒരു ഉദാഹരണമാണ്.