തിരുവനന്തപുരം: കേന്ദ്രസർക്കാരിൽ നിന്ന് കേരളം ഏറ്റെടുത്ത കെൽ-ഇഎംഎൽ പുതിയ ഉയരങ്ങളിലേക്ക് എത്തുന്നുവെന്ന നേട്ടം പങ്കുവെച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അമേരിക്കയിലേക്കും ഗൾഫ് നാടുകളിലേക്കും ജനറേറ്ററുകൾ നിർമ്മിച്ചു നൽകാൻ ഇതിനകം -ലഭിച്ചത് 1.25 കോടിയുടെ ഓർഡറുകളാണ്. കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാൻ നോക്കിയ കാസർഗോഡ് ഭെൽ പുനരുദ്ധാരണത്തിന് ആവശ്യമായ തുകയും മുൻകാലങ്ങളിൽ കമ്പനി വരുത്തിവെച്ച കോടികളുടെ ബാധ്യതയും എറ്റെടുത്താണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാക്കി മാറ്റിയത്.
ബി.എച്ച്.ഇ.എൽ ന് ഭെൽ ഇലക്ട്രിക്കൽ മെഷിൻ ലിമിറ്റഡിൽ ഉണ്ടായിരുന്ന 51% ഓഹരികളും കേരള സർക്കാർ വാങ്ങി. ഏറ്റെടുത്തതിന് ശേഷം ഫാക്ടറി കെട്ടിടവും യന്ത്രസാമഗ്രികളും അറ്റകുറ്റപണി നടത്തി 2022 ഏപ്രിൽ ഒന്നു മുതൽ സ്ഥാപനം പ്രവർത്തനസജ്ജമാക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചു. 10 മാസങ്ങൾക്കുള്ളിൽ സ്ഥാപനത്തിൻ്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കാൻ സാധിക്കുന്ന രീതിയിൽ 6 125 K WA ജനറേറ്ററുകൾ നിർമ്മിച്ചുനൽകാനുള്ള അന്താരാഷ്ട്ര ഓർഡർ നേടിയെടുക്കാനുമായി.
തനതായ ഉല്പന്നങ്ങൾക്ക് പുറമേ ട്രാക്ഷൻ മോട്ടേഴ്സ്, കൺട്രോളറുകൾ, ആൾട്ടർനേറ്ററുകൾ, റെയിൽവേയ്ക്ക് ആവശ്യമായ ട്രാക്ഷൻ ആൾട്ടർനേറ്റർ മോട്ടേഴ്സ്, ഡിഫൻസിന് ആവശ്യമായ സ്പെഷ്യൽ പർപ്പസ് ആൾട്ടർനേറ്റർ, വൈദ്യുതി മേഖലയ്ക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ തുടങ്ങിയവയും ഉത്പാദിപ്പിച്ച് രണ്ട് വർഷത്തിനുള്ളിൽ കമ്പനിക്ക് പ്രവർത്തനലാഭം നേടാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പൊതുമേഖലയെ വിറ്റുതുലക്കുന്നതല്ല, ശക്തിപ്പെടുത്തലാണ് ബദലെന്ന് കേരളം ഒരിക്കൽ കൂടി തെളിയിക്കുകയാണ്. കെപിപിഎല്ലിന് പിന്നാലെ കെൽ-ഇഎംഎലും കേരളത്തിന് അഭിമാനിക്കാനുള്ള കാരണമാകുകയാണെന്ന് പി രാജീവ് പറഞ്ഞു.