കൊച്ചി: അസാപ് സംഘടിപ്പിച്ച പ്രൊഫഷണൽ വിദ്യാർഥി ഉച്ചകോടിയിൽ വിദ്യാർഥികളുമായി സംവദിച്ച് മുഖ്യമന്ത്രി
മെഡിസിന് പഠിച്ചിറങ്ങുന്നവര്‍ക്ക് ഉടന്‍ ഡോക്ടറാകാം. പക്ഷേ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് പഠന ശേഷം ഉടന്‍ എന്‍ജിനീയറായി ജോലി ചെയ്യാനാകുന്നില്ല. എന്താണിതിന് കാരണം? വടകര എന്‍ജിനീയറിംഗ് കോളേജിലെ എ.കെ. അഭിഷേകിന്റെ ചോദ്യം മുഖ്യമന്ത്രി പിണറായി വിജയനോട്. അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ പ്രൊഫഷണല്‍ സ്റ്റുഡന്റ്സ് ഉച്ച കോടിയുടെ ഭാഗമായി വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രി നടത്തിയ സംവാദത്തിന് തുടക്കമിട്ടായിരുന്നു ചോദ്യം.
കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിജ്ഞാനം ഇല്ലായിരുന്നുവെന്നാണ് ഇവിടെ റിക്രൂട്ട്മെന്റ് നടത്താനെത്തിയ കമ്പനി സൂചിപ്പിച്ചതെന്ന് മുഖ്യമന്ത്രി. മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഇക്കാര്യത്തില്‍ മുന്നിലായിരുന്നു. ഈ പ്രശ്നത്തിനുള്ള പരിഹാര നടപടികളും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി പാഠ്യപദ്ധതിയിലും സിലബസിലും മൂല്യനിര്‍ണ്ണയത്തിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തണം. ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിലേക്ക് നയിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി കേരള ഹയര്‍ എജ്യുക്കേഷന്‍ കരിക്കുലം 2023 തയാറാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിലും അക്കാദമിക് മികവ് ഉയര്‍ത്തുന്നതിനാണ് ശ്രമം. എന്‍ജിനീയറിംഗ് വിഷയത്തിലുള്‍പ്പടെ പ്രായോഗിക പരിശീലനം ആവശ്യമുള്ള കോഴ്സുകള്‍ക്ക് നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്കി മികച്ച ഇന്റേണ്‍ഷിപ്പ് സൗകര്യമൊരുക്കും. അതത് മേഖലകളിലെ സംരംഭങ്ങളുമായും വ്യവസായ യൂണിറ്റുകളുമായും സഹകരിച്ചാണ് പ്രായോഗിക പരിശീലനത്തിനുള്ള അവസരമൊരുക്കുക. ക്യാമ്പസിൽ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ സര്‍വകലാശാലകളിലാണ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ആരംഭിക്കുക. തിരഞ്ഞെടുക്കപ്പെട്ട സര്‍വകലാശാലകളില്‍ ഐഐടി മദ്രാസിന്റെ സഹകരണത്തോടെ ട്രാന്‍സ്ലേഷണല്‍ ലാബുകളും സ്ഥാപിക്കും.
തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. മറ്റു ചോദ്യങ്ങളും മുഖ്യമന്ത്രിയുടെ ഉത്തരങ്ങളും:
എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി എസ്. അപര്‍ണ്ണ
Q: ധാരാളം കുട്ടികള്‍ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്നു. കേരളത്തിലെ തൊഴില്‍ ലഭ്യതക്കുറവാണോ ഇതിന് കാരണം. ഇതു പരിഹരിക്കാന്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയും?
മുഖ്യമന്ത്രി: പ്രവാസത്തിന്റെതായ നല്ല അനുഭവമാണ് നമുക്കുള്ളത്. വിദേശരാജ്യങ്ങളുമായി കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നു. ജോലിക്കായും വിദേശത്ത് പോകുന്നവരുമുണ്ട്. പ്രൊഫഷണല്‍ കോഴ്സുകളില്‍ ചേരാന്‍ പുറത്തേക്ക് പോകുന്ന രീതി ഉണ്ട്. പക്ഷേ കേരളത്തെ സംബന്ധിച്ച് പ്രത്യേക പ്രചാരണം നടക്കുന്നു. ഇവിടെ വിദ്യാഭ്യാസത്തിന് ഗുണമേന്മയില്ലെന്ന് പ്രചരിപ്പിക്കുന്നു. ചില മാധ്യമങ്ങളും ഇതിന് വലിയ പ്രചാരം നല്കുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണിത്. അത്തരം വാര്‍ത്തകളില്‍പ്പെട്ട് ആശങ്കപ്പെടരുത്. 2016 ല്‍ കേരളത്തിന്റെ എസ്റ്റിമേറ്റഡ് വിദ്യാര്‍ഥി പ്രവേശന നിരക്ക് 10.33 ലക്ഷമായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അഖിലേന്ത്യാ സര് വെ പ്രകാരം കേരളത്തിന്റെ എസ്റ്റിമേറ്റഡ് വിദ്യാര്‍ഥി പ്രവേശന നിരക്ക് 13.64 ലക്ഷമാണ്. വിദേശ വിദ്യാഭ്യാസത്തിനായി രജിസ്റ്റര്‍ ചെയ്തവരില്‍ 8% കേരളത്തിലുള്ളവരാണ്. ഏറ്റവും കൂടുതല്‍ കോളേജുകളുള്ള പത്ത് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. വിദേശ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 13,24,954 പേരാണ് 2021 ല്‍ വിദേശത്ത് പഠിക്കാന്‍ പോയത്. 2022 ല്‍ 6,46,206 ആയി. ആന്ധ്രയില്‍ നിന്നാണ് ഏറ്റവുമധികം കുട്ടികള്‍ വിദേശത്ത് പഠിക്കാന്‍ പോകുന്നത്. കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവരുടെ നിരക്ക് ഗണ്യമായി കുറഞ്ഞു. ശരാശരി 35,000 കുട്ടികള്‍ വിദേശത്തേക്ക് പോയിരുന്നത് 15,277 ആയി. സര്‍ക്കാര്‍ നടപടികളെ തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച ഫലങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് വ്യാജപ്രചാരണം നടത്തുന്നത്.
ബി അശ്വതി (ഗവ. കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് കോഴിക്കോട്)
Q: വൈജ്ഞാനിക സമ്പദ് വ്യവസ്ഥയില്‍ വിജയിക്കാന്‍ ഏതെല്ലാം നൈപുണ്യങ്ങളാണ് ആവശ്യം?
മുഖ്യമന്ത്രി: നൈപുണ്യ വികസനത്തില്‍ കാലികമാകലാണ് പ്രധാനം. അനുദിനം മാറുന്ന ശാസ്ത്ര സാങ്കേതിക വികാസത്തെക്കുറിച്ച് അപിഡേറ്റഡായിരിക്കണം. തൊഴില്‍ മേഖലയിലും തൊഴില്‍ ആഭിമുഖ്യത്തിലും കാതലായ മാറ്റങ്ങള്‍ വരുന്നുവെന്നതാണ് വൈജ്ഞാനിക സമൂഹത്തിന്റെ സവിശേഷത. പരമ്പരാഗതമായി മികച്ചതെന്ന് കരുതിയ തൊഴില്‍ മേഖലകള്‍ അതിവേഗം അപ്രസക്തമാകുന്നു. പുതിയ തൊഴിലും തൊഴിലിടങ്ങളും വളരുന്നു. നിര്‍മ്മിത ബുദ്ധി ഏറെ തൊഴില്‍ സാധ്യത സൃഷ്ടിക്കുന്നു. ചാറ്റ് ജിപിടി പോലുള്ള വ്യത്യസ്തമായ വിവര ശേഖരണ സംവിധാനം നിലവിലുണ്ട്. സാങ്കേതിക വിദ്യാ രംഗത്തെ മാറ്റങ്ങള്‍ക്കിണങ്ങും വിധം നൂതന മേഖലകള്‍ കണ്ടെത്തി മുന്നേറാന്‍ ശ്രമിക്കണം. എല്ലാ രംഗങ്ങളിലും നൂതനത്വത്തിന് പ്രസക്തിയുണ്ട്. ക്യാംപസുകളെ നൂതനത്വത്തിന്റെ ക്യാംപസുകളാക്കി മാറ്റാനാണ് ശ്രമിക്കുന്നത്.
കെ നാജിയ (ഗവ. മെഡിക്കൽ കോളേജ്, മഞ്ചേരി
Q: കോവിഡിനെ തരണം ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലെ മെഡിക്കല്‍ രംഗത്തെ ഗവേഷണം മെച്ചപ്പെടുത്തേണ്ടതല്ലേ?
മുഖ്യമന്ത്രി: കോവിഡ് മഹാമാരി ലോകത്തെയാകെ വിറപ്പിച്ചപ്പോഴും കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ ശേഷിക്കപ്പുറം കടക്കാന്‍ കോവിഡിനായില്ല. കോവിഡ് മൂര്‍ച്ഛിച്ചപ്പോഴും ഇവിടെ ബെഡ് കിട്ടാത്ത അവസ്ഥയുണ്ടായില്ല. ഓക്സിജന്‍ ബെഡുകളും ഐസിയു ബെഡുകളും ലഭ്യമായിരുന്നു. കോവിഡ് പ്രതിസന്ധി ഘട്ടമായി മാത്രമല്ല പുതിയ ആവിഷ്ക്കാരങ്ങള്‍ക്കുള്ള അവസരവുമായിരുന്നു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍, സാങ്കേതികവിദ്യയിലധിഷ്ടിതമായ ഇടപെടലുകള്‍, രോഗീ പരിചരണത്തിലെ മികവ് ഇവയിലെല്ലാം മികച്ച സംഭാവനകള്‍ നല്കാന് കഴിഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് വൈറോളജി ഗവേഷണത്തില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്കാന് കഴിയും. യുവശാസ്ത്ര പ്രതിഭകളെ വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള മോളിക്കുലാര്‍ ഡയഗ്നോസ്റ്റിക് ഫെസിലിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി വൈറസുകളുടെ നിര്‍ണ്ണയത്തിനും സൗകര്യമൊരുങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദം ഉമ്മൻ ജേക്കബ് (മോഡൽ എഞ്ചിനിയറിങ്ങ് കോളേജ് തൃക്കാക്കര)
Q: വൈജ്ഞാനിക സമൂഹത്തില്‍ അധിഷ്ടിതമായ വ്യവസായങ്ങളിലേക്ക് പ്രതിഭകളെ ആകര്‍ഷിക്കാന്‍ എന്തെല്ലാം ചെയ്യുന്നു?
മുഖ്യമന്ത്രി: സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ ആവാസ വ്യവസ്ഥയൊരുക്കുന്നതിനും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് പ്രവര്‍ത്തിച്ചുവരുന്നു. ഇതിന്റെ ഭാഗമായി 4000 സ്റ്റാര്‍ട്ട് അപ്പുകള്‍ 6 ലക്ഷം ചതുരശ്ര അടി വരുന്ന ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ 40 ലധികം ഇന്‍ക്യുബേറ്ററുകള്‍, 280 ലധികം മിനി ഇന്‍ക്യുബേറ്ററുകള്‍ ഇവയെല്ലാം പ്രവര്‍ത്തിക്കുന്നു. ഫ്യൂച്ചര്‍ ടെക്നോളജി ലാബ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് ലാബ്, എംഐടി സൂപ്പര്‍ ഫാബ് ലാബ് എന്നീ സൗകര്യങ്ങളും സംസ്ഥാനത്തുണ്ട്. ഭാവിയിലെ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി അഞ്ച് ലക്ഷം ചതുരശ്ര ്ടി വിസ്തീര്‍ണ്ണമുള്ള അന്താരാഷ്ട്ര കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കും. പത്ത് വ്യത്യസ്ത മേഖലകളിലുള്ള സ്റ്റാര്‍ട്ട് അപ്പ് ആവാസ വ്യവസ്ഥ സൃഷ്ടിക്കലാണ് ലക്ഷ്യം. 4500 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞു. അടുത്ത വര്‍ഷം 2000 സ്റ്റാര്‍ട്ട് അപ്പുകള്‍ സ്ഥാപിക്കും. 2026 ഓടെ 15000 സ്റ്റാര്‍ട്ട് അപ്പുകളാണ് ലക്ഷ്യം. ഇതുവഴി 20000 പുതുതലമുറ ജോലികളും ഉറപ്പാക്കും. പുതിയ തൊഴില്‍ മേഖലകള്‍ പഠനകാലത്ത് തന്നെ സൃഷ്ടിക്കാന്‍ കഴിയണം.
പി അഭിരാമി (കുഫോസ്)
Q: ഫിഷറീസ് മേഖലയിലെ പുതിയ പദ്ധതികള്‍ എന്തെല്ലാം?
മുഖ്യമന്ത്രി :തീരദേശ മേഖലയുടെ ഉന്നമനത്തിനും മത്സ്യത്തൊഴിലാളി മേഖലയ്ക്കും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. മത്സ്യത്തൊഴിലാളികളെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുക, മത്സ്യത്തിന് ന്യായവില, മത്സ്യബന്ധന യാനങ്ങള്‍ മെച്ചപ്പെട്ടതാക്കാന്‍ എല്‍പിജി, ഡീസല്‍, പെട്രോള്‍ എന്‍ജിനുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍, തീരശോഷണം തടയാന്‍ നൂതന പദ്ധതികള്‍, ജിയോട്യൂബ് ഉപയോഗിച്ചുള്ള ഓഫ്ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മ്മിക്കാന്‍ 150 കോടിയുടെ പദ്ധതി, ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കനുള്ള നടപടി, മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് മത്സ്യവില്‍പ്പന നടത്താന്‍ സമുദ്ര ബസ് സര്‍വീസ്, കടല്‍ത്തീരം മാലിന്യമുക്തമാക്കാന്‍ ശുചിത്വ തീരം സുന്ദര തീരം പദ്ധതി, മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന പുനര്‍ഗേഹം പദ്ധതി, ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് സംരക്ഷിത്താന്‍ മത്സ്യക്കുഞ്ഞുങ്ങലെ നിക്ഷേപിക്കുന്ന പദ്ധതി, നോര്‍വേ മാതൃകയില്‍ കടലില്‍ കൂട് കൃഷി എന്നിവയും നടപ്പാക്കി വരിയാണ്.
ഗോപിക (നെഹ്റു അക്കാദമി ഓഫ് ലോ )
Q: സ്കൂള്‍ സിലബസില്‍ നിയമപഠനം ഉള്‍പ്പെടുത്തുമോ?
മുഖ്യമന്ത്രി: ഭരണഘടന സംബന്ധിച്ച് സ്കൂള്‍ സിലബസില്‍ ഇപ്പോള്‍ ഉണ്ട്. പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഘട്ടത്തില്‍ നിയമപഠനത്തിന്റെ ഏതെല്ലാം ഭാഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പരിശോധിക്കും.
കെ എ ജസ്ന (ജാമിയ സലഫിയ ഫാർമസി കോളേജ് മലപ്പുറം)
Q: ടെലിമെഡിസിന്‍, ഇ-ഹെല്‍ത്ത് പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ എന്തെല്ലാം?
മുഖ്യമന്ത്രി: സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനമുണ്ട്. ഘട്ടം ഘട്ടമായി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളിലും ഇ-ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തും. ഒപി ടിക്കറ്റ്, പേപ്പര്‍ രഹിത ആശുപത്രി സേവനം ഇവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. ലാബ് പരിശോധനാഫലങ്ങള്‍ എസ് എം എസ് ആയി ലഭിക്കും. ജീവിത ശൈലി രോഗ നിര്‍ണ്ണയത്തിന് ശൈലീ ആപ്പ് വികസിപ്പിച്ചു. 18 വയസിനു മുകളിലുള്ള 73 ലക്ഷം പേരുടെ സ്ക്രീനിംഗ് ഇതുവഴി പൂര്‍ത്തിയായി. ഇ സഞ്ജീവനി ടെലി മെഡിസിന് പ്ലാറ്റ്ഫോമിലൂടെ 1,02,000 പേര്‍ക്ക് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം നല്കി. മെഡിക്കല്‍ കോളേജില്‍ പോകാതെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് എല്ലാ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളും ലഭിക്കും. ഇ സഞ്ജീവനി ഒപി വഴി 4,88,000 ലധികം പരിശോധനകള്‍ ഇതിനകം നടത്തിയിട്ടുണ്ട്.
പാർവതി എസ് നായർ (ഗവ. ആയുർവേദ കോളേജ് കണ്ണൂർ)
Q: പ്രകൃതി സൗന്ദര്യത്തെയും ആയുര്‍വേദത്തെയും സമന്വയിപ്പിച്ചുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കാമോ?
മുഖ്യമന്ത്രി:ആയുര്‍വേദവും വിനോദ സഞ്ചാരവുമായി ബന്ധിപ്പിച്ച് വിവിധ പദ്ധതികള്‍ നിലവിലുണ്ട്. ആയുര്‍വേദത്തിന്റെ സവിശേഷതകള്‍ പ്രയോജനപ്പെടുത്താനാകണം. കേരളത്തിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ അറിഞ്ഞു വരുന്നവരാണ്. ആയുര്‍വേദത്തിന്റെ സവിശേഷതകള്‍ക്കൊപ്പം കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള അവസരവും ഒരുക്കണം. ഇതോടൊപ്പം തദ്ദേശീയ ഭക്ഷണം കഴിക്കാനുള്ള അവസരവും ലഭ്യമാക്കണം. ആയുര്‍വേദ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികളും സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്നുണ്ട്. ഈ മേഖലയില്‍ മികച്ച ഗവേഷണ കേന്ദ്രങ്ങളും ആരംഭിക്കും. കണ്ണൂരില്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രം നിര്‍മ്മാണം പുരോഗമിക്കുകയാണ്. ആയുര്‍വേദ മെഡിക്കല്‍ കോളേജുകളെയും ഇതര ആശുപത്രികളെയും ബന്ധിപ്പിച്ചുള്ള ആരോഗ്യപരിചരണ-വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കും.
ഏറെ പ്രസക്തമായ ചോദ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരളം സൃഷ്ടിക്കാന്‍ ഏവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
377 വിദ്യാര്‍ഥികളില്‍ നിന്നായി 800 ചോദ്യങ്ങളാണ് ആകെ ലഭിച്ചത്. ഇവയില്‍ തിരഞ്ഞെടുത്ത 9 ചോദ്യങ്ങളാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്. വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് മോഡറേറ്ററായി. മന്ത്രി ഡോ. ആര്. ബിന്ദു, അസാപ് സിഎംഡി ഡോ. ഉഷ ടൈറ്റസ് എന്നിവര്‍ പങ്കെടുത്തു.