തിരുവനന്തപുരം: കേരളത്തെ സ്ത്രീസൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. യാത്രികരും സംരംഭകരുമായ ഒന്നര ലക്ഷം സ്ത്രീകളെ ഉള്‍പ്പെടുത്തി പ്രത്യേക ശൃംഖല രൂപീകരിക്കും. ആയിരത്തോളം സ്ത്രീകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. സ്ത്രീ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും. വനിതാ സംരംഭകര്‍, വനിതാ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മാത്രമുള്ള ഹോംസ്റ്റേകളും ഹോട്ടലുകളും സാധ്യമാക്കും. വനിതകള്‍ക്ക് പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളില്‍ പ്രത്യേക മുറി അനുവദിക്കുന്നത് പരിഗണനയിലാണ്.
കേരളത്തിലേക്ക് വരുന്ന ബ്രിട്ടീഷ് സഞ്ചാരികള്‍ ഇ വിസ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മറ്റു രാജ്യങ്ങളില്‍ ടൂറിസം ക്ലബ്ബുകള്‍ രൂപീകരിക്കും. യുവാക്കളെ ഉള്‍പ്പെടുത്തി ലണ്ടനില്‍ ക്ലബ്ബ് രൂപീകരിച്ചു. ബേപ്പൂര്‍ മാതൃകയില്‍ എട്ടു ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ബീച്ചുകളില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കും. ബീച്ചുകളില്‍ അഡ്വഞ്ചര്‍ ടൂറിസവും ഉള്‍പ്പെടുത്തും. ടൂറിസം മേഖലകളില്‍ ശുചിത്വമുള്ള ശുചിമുറികളുടെ അപര്യാപ്തത പരിഹരിക്കും. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പില്‍ രാത്രികാല ടൂറിസം പദ്ധതി നടപ്പാക്കാന്‍ 2.63 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.