നിയമസഭയെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും അപ്രസക്തമാക്കുന്ന അവസ്ഥയിലേക്ക് രാജ്യമെത്തുകയാണെന്ന് മന്ത്രി പി രാജീവ്. അധികാരത്തിൻ്റെ മരക്കഷണംമാത്രം കണ്ട് നിശ്ശബ്ദത പാലിച്ചാൽ കൺകറന്റ് ലിസ്റ്റിലെ ഏത് നിയമവും ഇല്ലാതാക്കുന്ന സാഹചര്യത്തിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാല നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ഉന്നയിച്ച തടസ്സവാദങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം നിയമസഭയിൽ നടത്തിയത് അപകടകരമായ രാഷ്ട്രീയ പ്രസ്താവനയാണ്. കോൺഗ്രസ് എവിടെ എത്തിനിൽക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഏത് നിയമവും എക്സിക്യൂട്ടീവ് റൂളിലൂടെ മാറ്റിയെടുക്കാമെന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം.
ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കുരുതിക്കുള്ള ബിജെപി സർക്കാരിൻ്റെ ചുവടുവയ്പിനെ കോൺഗ്രസ് സഹായിക്കുന്നു. കാടും മരവുമല്ല കേരളത്തിലെ അധികാരമെന്ന മരക്കഷ്ണം മാത്രമാണ് അവർ കാണുന്നത്. രാജ്യം എവിടേക്ക് പോകുന്നുവെന്നു കാണണം. ഈ പ്രശ്നത്തിൽ നിശ്ശബ്ദത പാലിച്ചാൽ നാളെ കൺകറന്റ് ലിസ്റ്റിലുള്ള ഏത് നിയമവും ഒരു സബോർഡിനേറ്റ് ലെജിസ്ലേഷൻ വഴി ഇല്ലാതാക്കാൻ കേന്ദ്രത്തിനാകും. എല്ലാ അധികാരവും കേന്ദ്രത്തിലേക്ക് നൽകുന്നതിന് കൈയടിക്കാൻ കോൺഗ്രസിനാകുന്നത് അത്ഭുതകരമാണ്. യുജിസിയുടെ അഭിഭാഷകൻ വാദിക്കുന്നത് സംസ്ഥാന നിയമത്തിനു മുന്നിലാണ് യുജിസി എന്നാണ്. ഭരണഘടനയുടെ അടിസ്ഥാനശിലയ്ക്കും നിയമസഭയ്ക്കും പ്രസക്തിയില്ലാതാക്കുന്ന വാദമാണിത്.
ഗവർണർക്കു പകരം മറ്റൊരാളെ ചാൻസലറായി നിയമിക്കുമ്പോൾ കൂടുതൽ ചെലവ് വരുമെന്ന വാദം നിലനിൽക്കുന്നതല്ല. പ്രൊ ചാൻസലറായ മന്ത്രി പ്രോട്ടോകോൾ പ്രകാരം ചാൻസലർക്കു കീഴിലാകുന്നതിൽ തെറ്റില്ല. പ്രൊ ചാൻസലർ സ്ഥാനത്ത് ഇരിക്കുമ്പോൾ മന്ത്രിയെന്ന സവിശേഷാധികാരമില്ല. പ്രത്യേക യോഗ്യത ആവശ്യമുള്ള പദവിയല്ല ചാൻസലർ. സർവകലാശാലയ്ക്ക് ദിശാബോധം നൽകുകയെന്ന ചുമതലയാണ് ചാൻസലർക്കുള്ളത്. അതിനെ വിശാലാടിസ്ഥാനത്തിൽ കാണാനാകണം. കലാമണ്ഡലം ചാൻസലറായി സർക്കാർ നിയോഗിച്ചത് മല്ലികാ സാരാഭായിയെയാണ്. അത്തരത്തിൽ ഏറ്റവും യോഗ്യതയുള്ളവരാകും സർവകലാശാല തലപ്പത്ത് എത്തുകയെന്നും മന്ത്രി പറഞ്ഞു.