തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ പ്രതിപക്ഷം കുളം കലക്കി മീൻ പിടിക്കുകയാണെന്ന് സജി ചെറിയാൻ. തുറമുഖ നിർമ്മാണം തുടരണോ നിർത്തിവെക്കണമോ എന്ന് യുഡിഎഫ് തുറന്നു പറയണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു. വിഴിഞ്ഞം വിഷയത്തിൽ സഭയിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ എം വിൻസന്റ് എംഎൽഎയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
വികസനത്തിൻ്റെ പേരിൽ നാടിൻ്റെ മുഖച്ഛായ മാറുന്നത് പ്രതിപക്ഷം എതിർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം കാലത്ത് മാത്രം വികസനം മതിയെന്ന വൈകല്യമാണ് യുഡിഎഫിന്. വിഴിഞ്ഞം തുറമുഖം വന്നാൽ ദുബായ് അടക്കമുള്ള തുറമുഖങ്ങളേക്കാൾ വരുമാനമുള്ള തുറമുഖമായി മാറും. അന്താരാഷ്ട്രതലത്തിൽ തന്നെ സംസ്ഥാനത്തിന് നേട്ടമുണ്ടാകും. വികസനവിരുദ്ധ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും സജി ചെറിയാൻ ആരോപിച്ചു.
‘കരാറിലെ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് എൽഡിഎഫ് അല്ല. എല്ലാ പരിസ്ഥിതി പഠനങ്ങളും അനുമതികളും യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ് ലഭിച്ചതെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. തുറമുഖ നിർമ്മാണം തീരശോഷണത്തിന് കാരണമാകില്ലെന്ന് പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. തീരശോഷണം ഉണ്ടാകില്ലെന്ന് യുഡിഎഫ് കാലത്ത് സഭയിൽ അറിയിച്ചിരുന്നു. പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നത് യുഡിഎഫ് ആണ്. പദ്ധതിക്ക് എല്ലാ അനുമതിയും നൽകിയത് കോൺഗ്രസുകാരാണ്.
വിഷയത്തിൽ അന്നും ഇന്നും ഇടതുപക്ഷത്തിന് ഒരേ നിലപാടാണ്. തുറമുഖം വേണം എന്നാണ് ഇടതുപക്ഷത്തിൻ്റെ നിലപാട്. സിപിഎം എതിർത്തത് കരാറിലെ അഴിമതിയെയായിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ എല്ലാ ജനകീയ മുഖവും സൃഷ്ടിച്ചത് എൽഡിഎഫ് ആണ്. ചരിത്രത്തിൽ ഇതുവരെ തീരത്തിൻ്റെ കണ്ണീർ ഒപ്പിയ സർക്കാർ വേറെ ഉണ്ടായിട്ടില്ല. മത്സ്യത്തൊഴിലാളികളെ ഇന്നും കേരളത്തിൻ്റെ സൈന്യമായാണ് സർക്കാർ കാണുന്നത്. തുറമുഖ നിർമ്മാണം നടത്തുകയും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യും. ഏഴ് ആവശ്യങ്ങളിൽ ആറ് ആവശ്യങ്ങളും സമയബന്ധിതമായി നടപ്പാക്കും’, അദ്ദേഹം അറിയിച്ചു.