തിരുവന്തപുരം: കേരളം വിദേശ സഞ്ചാരികളെ വരവേൽക്കുകയാണെന്ന് കേരള ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോവിഡ് മഹാമാരിയുടെ ആഘാതത്തിന് ശേഷം കേരളത്തിലേക്ക് വിനോദ സഞ്ചാരികൾ എത്തിതുടങ്ങി. സംസ്ഥാനത്ത് ക്രൂസ് സീസൺ ആരംഭിച്ചതോടെയാണ് വിദേശ സഞ്ചാരികൾ ആഡംബരക്കപ്പലുകളിൽ കേരളത്തിലേക്ക് എത്തിതുടങ്ങിയതെന്നും നവംബർ മുതൽ മെയ് വരെയുള്ള ടൂറിസം സീസണിൽ ഏകദേശം ഇരുപതോളം കപ്പലുകളിൽ വിദേശ സഞ്ചാരികൾ സംസ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം: ‘welcome’
‘കേരളം വിദേശ സഞ്ചാരികളെ വരവേൽക്കുകയാണ്. കോവിഡാനന്തരം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ കേരളം സർവ്വകാല റെക്കോഡിലേക്ക് എത്തിയതിനു ശേഷം ഇപ്പോൾ വിദേശ സഞ്ചാരികളും വന്നുതുടങ്ങി. ക്രൂസ് സീസൺ ആരംഭിച്ചതോടെയാണ് ആഡംബര കപ്പലുകളിൽ സഞ്ചാരികൾ എത്തുന്നത്. യൂറോപ്പ 2 കപ്പലിൽ കൊച്ചിയിലെത്തിയത് 257 വിദേശ വിനോദ സഞ്ചാരികളാണ്. ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പാണ് സഞ്ചാരികൾക്കായി ഒരുക്കിയത്. ഇതിന് പിന്നാലെ ഇപ്പോൾ 686 യാത്രക്കാരുമായി ഖത്തറിൽ നിന്നുള്ള സെവൻ സീസ് എന്ന ആഡംബര കപ്പൽ കൊച്ചി തുറമുഖത്തേക്ക് എത്തുകയാണ്. നവംബർ മുതൽ മെയ് വരെയുള്ള ടൂറിസം സീസണിൽ ഏകദേശം ഇരുപതോളം കപ്പലുകളിൽ വിദേശ സഞ്ചാരികൾ കേരളത്തിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്’.