കോട്ടയം: ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. 14 വർഷമായി എന്താണ് തരൂർ പാർട്ടിക്ക് വേണ്ടി ചെയ്തതെന്ന് നാട്ടകം സുരേഷ് ചോദിച്ചു. താനുൾപ്പെടെയുള്ള പ്രവർത്തകർ കെ-റെയിൽ സമരത്തിൽ വെയിലും മഴയും കൊണ്ടപ്പോൾ പിണറായി വിജയന് പിന്തുണ നൽകിയ ആളാണ് തരൂർ. ഇതിനൊക്കെ തരൂരിന് പിന്തുണ നൽകുന്നവർ മറുപടി പറയണമെന്ന് അദ്ദേഹം പ്രതികരിച്ചു.
അദ്ദേഹത്തിൻ്റെ പാണ്ഡിത്യത്തേയും കഴിവിനെയും അംഗീകരിക്കുന്നു. എന്നാൽ ഇതിനെ അംഗീകരിക്കാൻ കഴിയില്ല. ആയിരക്കണക്കിന് വരുന്ന കോൺഗ്രസ് പ്രവർത്തകർ വെയിലും മഴയും കൊണ്ട് പോലീസിൻ്റെ തല്ലുംകൊണ്ട് നിൽക്കുന്ന സമയത്താണ് പിണറായിക്ക് പിന്തുണ നൽകാൻ പോയത്, അനുകൂലിക്കുന്നവർ അതിന് മറുപടി പറയണമെന്നും സുരേഷ് പറഞ്ഞു.
യൂത്ത് കോൺഗ്രസിൻ്റെ ഈരാറ്റുപേട്ടയിലെ പരിപാടി ഡിസിസി അനുമതിയില്ലാതെയാണ് നടന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിലെ ഭൂരിഭാഗം പ്രവർത്തകരും പരിപാടിക്ക് എതിരായിരുന്നു. ആർക്കും എന്തുമാകാം എന്ന സാഹചര്യം അനുവദിച്ചു കൊടുക്കില്ല. പാർട്ടിയുമായി യോജിച്ച് പ്രവർത്തിക്കാനാണ് മുതിർന്ന നേതാക്കൾ ശ്രമിക്കേണ്ടത്. പാർട്ടി നേതൃത്വത്തെ അറിയിക്കാത്ത പരിപാടിയുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.