തിരുവനന്തപുരം: വർഗീയ പരാമർശത്തിൽ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിൻ്റെ മാപ്പ് കൊണ്ട് പ്രശ്നം തീരില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെയാണ് ഫാദർ തീവ്രവാദി എന്ന് വിളിച്ചത്. സമരം ഒത്തുതീർപ്പ് ആകുന്ന ഓരോ ഘട്ടത്തിലും അത് അട്ടിമറിക്കാൻ തിയോഡോഷ്യസ് ഡിക്രൂസ് രംഗത്തുണ്ട്. എന്ത് പ്രത്യേക താല്പര്യമാണ് ഇക്കാര്യത്തിൽ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനുള്ളത് എന്നറിയാൻ താല്പര്യമുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു.
വർഗീയ പരാമർശത്തിലൂടെ കലാപത്തിനാണ് ഫാദർ ആഹ്വാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ചരിത്രം ഏറ്റവും നന്നായി അറിയുന്ന വ്യക്തി മുൻ ആർച്ച് ബിഷപ്പ് സൂസെപാക്യമാണ്. ഒരു വിഭാഗം ആളുകളെ നിരന്തരമായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഈ പുരോഹിതൻ നടത്തിക്കൊണ്ടിരിക്കുന്നത്. അത് ജനങ്ങൾ തിരിച്ചറിയുന്ന കാലം വിദൂരമല്ല. ഇത്തരം ഉമ്മാക്കികൾ കണ്ട് പുറകോട്ട് പോകുന്ന ആളെല്ല വി അബ്ദുറഹിമാൻ എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
മന്ത്രി വി അബ്ദുറഹിമാൻ്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന വിഴിഞ്ഞം തുറമുഖ നിർമാണവിരുദ്ധ സമരസമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിൻ്റെ പരാമർശം വിവാദമായതിന് പിന്നാലെ അദ്ദേഹത്തിനെതിരെ കേസ് എടുത്തിരുന്നു. വിഴിഞ്ഞം പോലീസാണ് കേസെടുത്തത്. വർഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു വൈദികൻ്റെ പ്രസ്താവനയെന്ന് എഫ്ഐആറിൽ പറയുന്നു. മതവിദ്വേഷം വളത്താനുള്ള ശ്രമം, സാമുദായിക സംഘർഷത്തിനുളള ശ്രമം എന്നീ വകുപ്പുകളിലാണ് കേസ്. പ്രസ്താവനയ്ക്കെതിരെ മതനിരപേക്ഷ കേരളം ഒന്നായി രംഗത്തെത്തിയതോടെ വൈദികനും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
‘വർഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും ശ്രമിച്ചു’; തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസ്
‘അബ്ദുറഹ്മാന് എന്ന പേരില് എന്താണ് തീവ്രവാദം’; തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണം ഡിവൈഎഫ്ഐ