കണ്ണൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് എം പി ശശി തരൂർ. ബലൂൺ വീർപ്പക്കാനല്ല മലബാർ പര്യടനം നടത്തുന്നത്. ഇത്തരം പരാമർശങ്ങളിൽ അസ്വസ്തത തോന്നുന്നൂ. ഞാനും എം കെ രാഘവൻ എംപിയും വിഭാഗീയ പ്രവർത്തനം നടത്തുവെന്നാണ് പറയുന്നത്. എന്താണ് വിഭാഗീയ പ്രവർത്തനമെന്ന് അറിയണം. കോൺഗ്രസ് എംപി എന്ന നിലയിലാണ് തന്റെ പ്രവർത്തനമെന്നും, ഒരു വിഭാഗീയ പ്രവർത്തനവും നടത്തുന്നില്ലെന്നും തരൂർ പറഞ്ഞു.
നേതൃത്വം വിശദീകരണം ചോദിച്ചാൽ നൽകുമെന്നും എന്നാൽ ആരും ഇതുവരെ ഇതുസംബന്ധിച്ച് സംസാരിച്ചിട്ടില്ലെന്നു മാധ്യമങ്ങൾ വഴിയാണ് വിവരങ്ങൾ അറിയുന്നതെന്നും തരൂർ പറഞ്ഞു. ‘വിവാദമുണ്ടാക്കേണ്ട ആവശ്യമില്ല. തനിക്ക് കേരളത്തിൽ എവിടെ പോയി പ്രസംഗിക്കാനും ബുദ്ധിമുട്ടില്ല. രണ്ട് കോൺഗ്രസ് എംപിമാർ കോൺഗ്രസിൻ്റെയും മറ്റും വേദികളിൽ സംസാരിക്കുമ്പോൾ ആർക്കാണ് വിഷമമെന്നും എന്താണ് വിഷമമെന്നും മനസിലാകുന്നില്ല.
പതിനാലാമത്തെ വർഷമാണ് രാഷ്ട്രീയത്തിൽ ഞാൻ ആരെയും ആക്ഷേപിച്ചിട്ടില്ല, ആരോടും എതിർപ്പുമില്ല, ആരെയും ഭയവുമില്ല. തനിക്ക് ഒരു പരാതിയുമില്ല. ആരെങ്കിലും തന്നെ ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത് അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു തരൂരിൻ്റെ മറുപടി.
കുത്തിയാൽ പൊട്ടുന്ന ബലൂണിനെയും സൂചിയെയും സൂചി പിടിക്കുന്ന കൈയെയും ബഹുമാനിക്കുന്നുവെന്ന് തരുരൂരിന് ഒപ്പമുണ്ടായിരുന്ന എം കെ രാഘവൻ എംപിയും പരിഹസിച്ചു. അതേസമയം തരൂരിനെ പിന്തുണച്ച് കെ മുരളീധരൻ രംഗത്തെത്തി. ശശി തരൂരിൻ്റെ ഇതുവരെയുള്ള ഒരു പ്രവർത്തനവും വിഭാഗീയ പ്രവർത്തനമല്ലെന്നും തരൂരിൻ്റെ സന്ദർശനങ്ങളെ വിഭാഗീയതായി കാണേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു.