വനിതാ ഹെല്പ്ലൈനായ ‘മിത്ര 181’ൽ ലഹരിക്കെതിരെയുള്ള ടെലി കൗൺസിലിങ് ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ലഹരി വിമുക്ത കേരളം പരിപാടികളുടെ ഭാഗമായി സംസ്ഥാന വനിതാ വികസന കോർപറേഷന് കീഴിലാണ് പ്രത്യേക ടെലി കൗൺസിലിങ് സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. ലഹരി ഉപയോഗത്തിൽ നിന്ന് മോചനം നേടാനാഗ്രഹിക്കുന്ന വനിതകൾക്കും കുട്ടികൾക്കുമായി പ്രത്യേക പരിശീലനം നൽകിയ കൗൺസിലർമാരിലൂടെയാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്.
കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗം കാരണം പ്രയാസം നേരിടുന്ന വനിതകള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിത്രയില് നിന്നും സഹായം ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ലഹരിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നതിനാവശ്യമായ ചികിത്സയെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനോടൊപ്പം ലഹരി വസ്തുകളുടെ വിനിമയം നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ മാര്‍ഗങ്ങളെ കുറിച്ചുള്ള അറിവും മിത്രയിലൂടെ ലഭിക്കും.
വിനിമയ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് വെളിപ്പെടുത്താതെ തന്നെ എക്സൈസ്, പൊലീസ് തുടങ്ങിയ വകുപ്പുകളെ അറിയിക്കുന്നതിനും നിയമപരമായ നടപടികള്‍ എടുക്കുന്നതിനും അതിൻ്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മിത്രയില് സൗകര്യമൊരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ കുട്ടികളിലെ ലഹരി ഉപയോഗം തിരിച്ചറിയാനുള്ള മാർഗങ്ങളും മിത്രയുടെ അറിയാൻ കഴിയും. സംസ്ഥാനത്തെ എക്സൈസ് വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള 14 വിമുക്തി കേന്ദ്രങ്ങളിലും മറ്റ് പൊതു, സ്വകാര്യ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഡി അഡിക്ഷന് സെൻ്ററുകളിലേയ്ക്കുമുള്ള റഫറല്‍ സൗകര്യവും മിത്രയില് നിന്നും ലഭ്യമാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.