കോടിയേരി ബാലകൃഷ്ണൻ സിനിമയെ ഒത്തിരി ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നുവെന്ന് സംവിധായകൻ പ്രിയദർശൻ. തിരുവനന്തപുരത്തേയ്ക്ക് പോകുമ്പോൾ ഓടിയെത്താൻ ഇനിയൊരു തണൽ ഇല്ലെന്ന് ശബ്ദമിടറി പറയുകയാണ് സംവിധായകൻ പ്രിയദർശൻ. കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ മരയ്ക്കാർ സിനിമ കണ്ട് രാത്രിയെന്ന ഫോൺ വിളിയെ കുറിച്ചും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്.
പ്രിയദർശൻ്റെ വാക്കുകൾ;
ഒരു ദിവസം രാത്രി വൈകി കോടിയേരി സഖാവ് എന്നെ വിളിച്ചു. സാധാരണ അങ്ങനെയൊരു വിളി പതിവില്ല. പക്ഷേ മരയ്ക്കാർ എന്ന സിനിമ കണ്ടു വിളിച്ചതാണ്. രോഗത്തിൻ്റെ വഴിയിലൂടെ സഖാവു നടക്കുന്ന കാലത്തും സിനിമ വിടാതെ കണ്ടിരുന്നു. എൻ്റെ എല്ലാ സിനിമയും കാണുകയും ഓർക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം യാത്രയിലെല്ലാം അദ്ദേഹത്തെ നേരിൽ കണ്ടിരുന്നു.
തിരക്കെല്ലാം ഒഴിഞ്ഞാണ് എന്നെ സംസാരിക്കാൻ വിളിച്ചിരുന്നത്. ആ സംസാരത്തിലുടനീളം സിനിമയും കുടുംബകാര്യവും മാത്രമാണ് അദ്ദേഹം സംസാരിച്ചിരുന്നത്. സിനിമയിലെ സീനുകളെല്ലാം ഓർത്തോർത്ത് ചിരിക്കുന്ന സ്വഭാവക്കാരനായിരുന്നു. എൻ്റെ ജീവിത പ്രതിസന്ധിയിലെല്ലാം അദ്ദേഹം സഹോദരനെപ്പോലെ കൂടെനിന്നു. എനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പലതും വന്നപ്പോഴും കൂടെ നിന്നത് കോടിയേരി ബാലകൃഷ്ണനായിരുന്നു.
ഞാൻ സർക്കാരുമായി ബന്ധപ്പെട്ട പദവികൾ വഹിക്കുമ്പോൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നു വിളിച്ചു ചോദിച്ചു. എല്ലാം കൊണ്ടും അദ്ദേഹം ജ്യേഷ്ഠൻ തുല്യനായിരുന്നു. ഓരോ തവണയും വാതിൽപ്പടിവരെ വന്നാണു യാത്രയാക്കിയത്. വീട്ടിലെ ചെറിയ കാര്യംപോലും അദ്ദേഹം പറയുകയും എന്റെ വീട്ടിലെ കാര്യങ്ങൾ ചോദിക്കുകയും ചെയ്തു. തിരുവനന്തപുരത്തു പോകുമ്പോൾ ഇനി എനിക്കു പോകാനുള്ള ഒരു തണൽ കൂടിയാണ് പൊലിഞ്ഞത്.