തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും നേതാക്കളും അറസ്റ്റിലായത് കേരളത്തിൽ. വിവിധ അക്രമ സംഭവങ്ങളുടെ ഭാഗമായി 2500 ഓളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും നേതാക്കളും കേരളത്തിൽ അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്രയധികം പേരെ അറസ്റ്റ് ചെയ്തിട്ടില്ല.
സെപ്റ്റംബർ ഇരുപത്തിയെട്ടിനാണ് പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. പിന്നാലെ സംസ്ഥാന ആഭ്യന്തര വകുപ്പ് നിരോധനവുമായി ബന്ധപ്പെട്ട നിയമനടപടികൾ സ്വീകരിക്കാൻ കർശന നടപടിയെടുത്തിരുന്നു. അതത് ജില്ലകളിലെ ജില്ലാ മജിസ്റ്റ്ട്രേറ്റ്, പോലീസ് കമ്മീഷ്ണർ, പോലീസ് സുപ്രണ്ട് എന്നിവർക്ക് നിർദ്ദേശം നൽകികൊണ്ടുള്ള ഉത്തരവും പുറപ്പെടുവിചിരുന്നു. പോപ്പുലർ ഫ്രണ്ടിന് വേരോട്ടമുള്ള സംസ്ഥാനങ്ങളായ ഡൽഹിയിലും കർണ്ണാടകയിലും യുപിയിലും ബീഹാറിലും സംഘടനാ നിരോധിച്ചതിനു പിന്നാലെ ഈ രീതിയിലുള്ള നിയമ നടപടികൾ സ്വീകരിച്ചിട്ടില്ല.
സെപ്റ്റംബർ ഇരുപത്തിമൂന്നിന് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഹർത്താലിൽ സംസ്ഥാനത്താകെ വ്യാപകമായ ആക്രമണങ്ങളാണ് പോപ്പുലർ ഫ്രണ്ട് നടത്തിയത്. സെപ്റ്റംബർ ഇരുപത്തിരണ്ടിന് രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. പതിനഞ്ച് സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡിൽ 106 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമത്തിന് 5.20 കോടി രൂപ നഷ്ടപരിഹാരം പിഎഫ്ഐയിൽ നിന്നും ഈടാക്കണമെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തിരുന്നു. പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ എല്ലാ കേസുകളിലും പ്രതിചേർക്കാനും കോടതി നിർദ്ദേശിച്ചു.
ബുധനാഴ്ച രാവിലെയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. അഞ്ച് വർഷത്തേക്കാണ് നിരോധനം. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ, റിഹേബ് ഫൗണ്ടേഷൻ എന്നീ പോപ്പുലർ ഫ്രണ്ടിൻ്റെ അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്എഫ്ഐ നേതാവ് അഭിമന്യുവിൻ്റെ കൊലപാതകമുൾപ്പടെ കേരളത്തിൽ പിഎഫ്ഐ നടത്തിയ മൂന്ന് കൊലപാതകങ്ങളും നിരോധനത്തിന് കാരണമായിരുന്നു.