കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമാ പ്രൊമോഷനെത്തിയ യുവനടിമാർ ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റവാളികൾക്കെതിരേ പൊലിസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി.
സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടയിൽ സിനിമാ നടികളെ ക്രൂരമായ വിധത്തിൽ അതിക്രമിച്ചു എന്നുള്ള വാർത്ത വളരെയേറെ ആശങ്ക ഉണ്ടാക്കുന്നതും തീർത്തും അപലപനീയമാണ്. സംഭവത്തിൽ അടിയന്തരമായി പോലീസ് ഇടപെട്ട് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരായി നടപടി സ്വീകരിക്കണം.
ആൾക്കൂട്ടത്തിനിടയിൽ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് തീർച്ചയായും കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടത് തന്നെയാണ്. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന ആളുകൾക്ക് സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാകണം. ഇന്നലെ ഉണ്ടായ സംഭവത്തിൽ പോലീസ് അടിയന്തരമായി ഇടപെട്ട് കുറ്റവാളികൾക്ക് എതിരേ കർശനമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ട് നിയമ നടപടികൾ സ്വീകരിക്കണമെന്നും വനിത കമ്മീഷൻ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച കോഴിക്കോട് ഹൈലൈറ്റ് മാളിൽ സാറ്റർഡേ നൈറ്റ് എന്ന സിനിമയുടെ പ്രൊമോഷന് എത്തിയതായിരുന്ന യുവനടികൾക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. അതിക്രമം വ്യക്തമാക്കി ഒരു നടി സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ സാധിച്ചില്ലെന്നും മരവിച്ചു നിൽക്കുകയായിരുന്നുവെന്നും കുറിപ്പിൽ പറഞ്ഞു. മറ്റൊരു നടി അക്രമി എന്ന് കരുതുന്നയാൾക്കുനേരെ തല്ലാനൊരുങ്ങുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.