ഭാരത് ജോഡോ യാത്ര ഗതാഗതതടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകനായ കെ വിജയനാണ് ഹർജി നൽകിയത്. ഭാരത് ജോഡോ യാത്രയിലൂടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
പൊതുനിരത്ത് കയ്യേറിയാണ് ജാഥ നടത്തുന്നത്. ഇതു മൂലം വാഹനങ്ങളും ജനങ്ങളും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ പെടുന്നു. ജനത്തിന് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ജാഥ നടത്താൻ സംഘാടകർക്ക് നിർദ്ദേശം നൽകണം. റോഡിന്റെ പകുതി ഭാഗം മാത്രം ജാഥയ്ക്കായി ഉപയോഗിച്ച് ബാക്കി ഭാഗത്ത് കൂടി ജനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സാഹചര്യം ഒരുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ജാഥക്ക് നൽകുന്ന പോലീസ് സുരക്ഷക്ക് ആവശ്യമായ ചെലവ് സംഘാടകരിൽ നിന്നും ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സംസ്ഥാന, ജില്ലാ പൊലീസ് മേധാവികൾ രാഹുൽ ഗാന്ധി, കെ സുധാകരൻ, വി ഡി സതീശൻ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി. ഭാരത് ജോഡോ യാത്ര രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നു.