പിഎഫ്ഐ ഹർത്താലിനിടയിൽ പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തിയ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ. എസ്ഡിപിഐ കൂട്ടിക്കട ബ്രാഞ്ച് പ്രസിഡന്റ് ഷംനാദാണ് പിടിയിലായത്. ഇയാൾ കൊല്ലം കൂട്ടിക്കട സ്വദേശിയാണ്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇരവിപുരം പോലീസാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ഹർത്താലിനിടെ വെള്ളിയാഴ്ച കൊല്ലത്ത് പള്ളിമുക്കിൽ വെച്ചാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തിയത്. ആക്രമണത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ആന്റണി, സിവിൽ പോലീസ് ഓഫീസർ നിഖിൽ എന്നിവർക്ക് പരിക്കേറ്റു. ബൈക്കിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഹർത്താൽ അനുകൂലി പോലീസുകാരെ ആക്രമിച്ചത്.
യാത്രക്കാരെ ഹർത്താൽ അനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസുകാർ ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിച്ചത്. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ആൻ്റണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സിവിൽ പോലീസ് ഓഫീസർ നിഖിലിൻ്റെ കാലിനാണ് പരുക്കേറ്റിരുന്നത്.
അതേസമയം കണ്ണൂരിൽ പോപുലർ ഫ്രണ്ട് പ്രവർത്തകർക്ക് ബന്ധമുള്ള സ്ഥാപനങ്ങളിലെ പോലീസ് റെയ്ഡ് ഇന്നും തുടർന്നേക്കും. ഹർത്താലിൽ അക്രമം ആസുത്രണം ചെയ്തവരെ കണ്ടെത്തുകയാണ് റെയിഡിലൂടെയുള്ള പോലീസിൻ്റെ ലക്ഷ്യം. ഹർത്താലിൽ ആക്രമണം അഴിച്ചുവിട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.