മാധ്യമങ്ങൾക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെ ഹർജി തള്ളിയ ഹൈക്കോടതി വിധിയിലാണ് മാധ്യമങ്ങൾക്ക് വിമർശനമുള്ളത്. അതിജീവിതയെ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
കേസിലെ വിചാരണ സംബന്ധിച്ച തെറ്റായ പൊതുബോധമുണ്ടാക്കി. കേസിൽ വസ്തുതകൾ അറിയാതെയും നിയമ വശങ്ങൾ മനസിലാക്കാതെയുമുള്ള മാധ്യമ വിചാരണ മുൻ ധാരണകൾ ഉണ്ടാക്കുന്നു. കേസിൽ ശരിയുടെയും ന്യായത്തിൻ്റെയും യുക്തിയുടെയും പരിധിക്കപ്പുറം മാധ്യമങ്ങൾ കടന്നിരിക്കുകയാണെന്നും കോടതി വിമർശിച്ചു.
തുടക്കം മുതൽ പരാതിക്കാരിക്ക് സംശയമാണെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ആദ്യം ആരോപണമുന്നയിച്ചു. ഹർജി ആദ്യം പരിഗണിച്ച ബെഞ്ച് പിന്മാറണമെന്ന് നടി ആവശ്യപ്പെട്ടു. വിചാരണ കോടതിയിൽ സംശയമുന്നയിച്ചു കോടതി മാറ്റത്തിനായി ഹർജി നൽകി. വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും ദിലീപും തമ്മിൽ ബന്ധമെന്ന് സംശയിച്ചു. ചില ടി വി ചാനലുകൾ മാസങ്ങളോളം നിരന്തരം ഈ വിഷയം ചർച്ച ചെയ്തു. കേസിൻ്റെ വിചാരണ സംബന്ധിച്ച തെറ്റായ പൊതുബോധം ഉണ്ടാക്കി. മാധ്യമങ്ങൾ സൃഷ്ടിച്ച തെറ്റായ ധാരണയ്ക്ക് നടി ഇരയായിട്ടുണ്ടെന്നും കോടതി പറഞ്ഞു.
അതേസമയം വിചാരണ കോടതി മാറ്റത്തിനെതിരെയുള്ള ഹർജി തള്ളിയതിനെതിരെ അതിജീവിത സുപ്രിംകോടതിയെ സമീപിക്കും.