കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ തെളിവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സി കെ ജാനുവിന് കോഴ നൽകിയെന്ന കേസിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് കുരുക്ക് വീഴുന്നത്. കേസിൽ സുരേന്ദ്രനെതിരെ ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു.
ഫോൺ സംഭാഷണങ്ങളിലെ ശബ്ദം സുരേന്ദ്രന്റേത് തന്നെയാണെന്ന് റിപ്പോർട്ട് പറയുന്നു. പരിശോധന നടത്തിയ പതിനാല് ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറൻസിക് റിപ്പോർട്ട് പൊലീസിന് ലഭിച്ചു. ഒരു ഫോണിലെ വിവരങ്ങൾ മാത്രമാണ് ഇനി ലഭിക്കാനുള്ളത്. കെ സുരേന്ദ്രനും സി കെ ജാനുവിനും പ്രശാന്ത് മലവയലിനും എതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ ഡി എയുടെ സ്ഥാനാർത്ഥിയാകാൻ ജെ ആർ പി നേതാവിയിരുന്ന സികെ ജാനുവിന് ബിജെപി നേതാക്കൾ പണം നൽകിയെന്നതാണ് കേസ്. കേസിലെ ഒന്നാം പ്രതി കെ സുരേന്ദ്രനും രണ്ടാം പ്രതി സി കെ ജാനുവുമാണ്.