നാഷണലിസ്റ്റ് കോൺഗ്രസ് കേരളാ നേതാവും യുഡിഎഫ് എംഎൽഎയുമായ മാണി സി കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാതായി വ്യവസായി. മുബൈ വ്യവസായി ദിനേശ് മേനോനാണ് മാണി സി കാപ്പനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. മുംബൈ ബോറിവില്ലി കോടതിയിൽ വച്ചാണ് വധഭീഷണി മുഴക്കിയത് എന്ന് ദിനേശ് മേനോൻ വ്യക്തമാക്കി.
സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ കോടതിയിൽ എത്തിയപ്പോഴാണ് മാണി സി കാപ്പൻ തന്നെ ഭീഷണിപ്പെടുത്തിയത്. കേസ് വേഗം സെറ്റിൽ ചെയ്തില്ലെങ്കിൽ നാട്ടിൽ എത്തിയാൽ തട്ടിക്കളയും എന്നായിരുന്നു ഭീഷണി. സഭവത്തിൽ മുംബൈ പോലീസിൽ പരാതി നൽകുമെന്നും ദിനേശ് മേനോൻ പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മാണി സി കാപ്പൻ 3.25 കോടി രൂപ തട്ടിയെടുത്തെന്ന് ദിനേശ് മേനോൻ നേരത്തെ പരാതി നൽകിയിരുന്നു. ദിനേശ് മേനോന്റെ പരാതിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി മാണി സി കാപ്പനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രീറ്റ് കോടതി മാണി സി കാപ്പനെതിരെ കേസെടുത്തത്. പ്രാഥമികമായി കുറ്റങ്ങൾ നില നിൽക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ ഈ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോൻ സുപ്രീംകോടതിയിൽ ഹർജി നൽകിയത് ചെയ്തത്.