അനാഥരായ കുട്ടികൾക്ക് താങ്ങായി മന്ത്രി വീണ ജോർജ്. എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയിൽ മാതാപിതാക്കളുടെ മരണത്തെ തുടർന്ന് മൂന്ന് കുട്ടികളാണ് അനാഥരായത്. അനാഥരായ കുട്ടികൾക്ക് സർക്കാർ പ്രതിമാസം രണ്ടായിരം രൂപ നൽകും. കുട്ടികളുടെ സംരക്ഷണം വനിതാ ശിശുവികസന വകുപ്പിനോട് ഏറ്റെടുക്കാൻ മന്ത്രി നിർദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കാണ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയത്. എന്നാൽ അമ്മയുടെ മാതാപിതാക്കൾ കുട്ടികളെ ഏറ്റെടുക്കാമെന്ന് അറിയിച്ചതോടെ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു.
എട്ട്, അഞ്ച്, മൂന്ന് ക്ലാസ്സുകളിലായാണ് കുട്ടികൾ പഠിക്കുന്നത്. പതിനാല് വർഷം മുൻപാണ് ഇവരുടെ മാതാപിതാക്കൾ വിവാഹിതരായത്. തൊഴിലിടത്തിൽ വെച്ചാണ് ഇവർ പരിചയപ്പെട്ടത്. കുട്ടികളുടെ അമ്മ മലയാളിയും അച്ഛൻ അതിഥി തൊഴിലാളിയുമാണ്. മലയാളിയായ ഭാര്യയെ അതിഥി തൊഴിലാളിയായ ഭർത്താവ് കൊലപ്പെടുത്തുകയും തുടർന്ന് ഇയാൾ ആത്മഹത്യ ചെയ്യുകയുമായിരുന്നു. കുട്ടികൾ അനാഥരായ വാർത്ത ശ്രദ്ധയിൽ പെട്ടതോടെയാണ് മന്ത്രി നടപടിയെടുത്തത്.