ഗവർണർക്കെതിരെ നിയമ യുദ്ധത്തിനൊരുങ്ങി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. കഴിഞ്ഞ ദിവസം പ്രിയ വർഗീസ് ഒന്നാം റാങ്ക് നേടിയ കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ദ് ചെയ്തിരുന്നു. പ്രിയ വർഗീസിന് രണ്ട് ദിവസത്തിനുള്ളിൽ നിയമന ഉത്തരവ് നൽകുമെന്ന വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗവർണർ നടപടിയെടുത്തത്.
ഗവർണറുടെ ഈ നടപടിക്കെതിരെയാണ് കോടതിയെ സമീപിക്കാൻ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ തയ്യാറെടുക്കുന്നത്.
സർവകലാശാല ചട്ട പ്രകാരം സിന്റിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ചാൻസലർക്ക് അധികാരമില്ലെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി. സർവ്വകലാശാല അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടില്ല. കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടികൾ മറ്റന്നാൾ സ്വീകരിക്കും. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ക്രമക്കേടില്ല എന്നതിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.