കോവിഡിന്റെ ആദ്യതരംഗം രാജ്യത്ത് ആഞ്ഞടിച്ചപ്പോൾ കേരളമെങ്ങനെയാണ് പ്രതിരോധിച്ചത് എന്ന് നമുക്കറിയാം. കോവിഡിനെ മാത്രം പ്രതിരോധിച്ചാൽ പോരായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ പിന്നിൽ നിന്ന് കുത്തിയ പ്രതിപക്ഷത്തെയും നിരന്തരം ഉപദ്രവം മാത്രം ചെയ്തുകൊണ്ടിരുന്ന ബിജെപിയെയും നേരിടുക എന്ന ദൗത്യവും സർക്കാരിന് മുന്നിലുണ്ടായിരുന്നു. വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം പത്രസമ്മേളനം വിളിച്ച് മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തയും പുലഭ്യം പറയുന്ന ചെന്നിത്തലയ്ക്കും കെ സുരേന്ദ്രനും കോവിഡ് പ്രതിസന്ധി ഘട്ടമാണെന്നും സർക്കാരിനൊപ്പം ഒന്നിച്ചു നിൽക്കണമെന്നും അറിയാഞ്ഞിട്ടായിരുന്നില്ല. എങ്ങനെയും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുവാനും കേരളത്തിന്റെ കോവിഡ് പ്രതിരോധം അട്ടിമറിക്കുക എന്ന ഉദ്ദേശവുമായിരുന്നു അവർക്ക്. അന്ന് സർക്കാരിനെ ആക്രമിച്ച ലീകോബി മുന്നണിയുടെ നെറികെട്ട രാഷ്ട്രീയമാണ് ഇവിടെ തുറന്നു കാട്ടാൻ പോകുന്നത്.
കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ഉയർന്ന വെല്ലുവിളികളെ നേരിടാൻ സംസ്ഥാന സർക്കാർ സകല മാർഗങ്ങളും തേടിയിരുന്നു. അതിലൊന്നായിരുന്നു സ്റ്റാർട്ട് കമ്പനിയായ സ്പ്രിങ്ക്ളറുമായുണ്ടാക്കിയ കരാറും അവർ നമുക്ക് നൽകാമെന്നേറ്റ സൗജന്യ സേവനവും. ഈ സംഭവത്തെ കേരളത്തിലെ കോൺഗ്രസും ബിജെപിയും എത്ര വികലമായാണ് ആക്ഷേപിച്ചത് എന്ന് നമുക്കറിയാം. അമേരിക്കൻ കമ്പനിക്ക് ഡാറ്റ ചോർത്തി നൽകി ശതകോടികളുടെ അഴിമതി നടത്തിയെന്നതുൾപ്പെടെ അന്നുണ്ടാക്കിയ കോലാഹലങ്ങൾക്ക് കയ്യും കണക്കും ഉണ്ടായിരുന്നില്ല. ഹൈക്കോടതിയിൽ ഹർജി നൽകിയും പത്രസമ്മേളനങ്ങൾ നടത്തിയും സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. എം ശിവശങ്കർ എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ നോട്ടമിട്ട് ബി ജെ പിയും കോൺഗ്രസും വാളെടുത്തതും അതിന്റെ തുടർച്ചയാണല്ലൊ?
എന്നാൽ ഇരട്ടത്താപ്പ് എന്നാൽ എന്താണെന്ന് ഞങ്ങൾ പറഞ്ഞുതരാം. കേന്ദ്ര സർക്കാറിൻ്റെ ദുരന്ത നിവാരണ വകുപ്പും കേന്ദ്ര ആരോഗ്യ വകുപ്പും ഇതേ സ്പ്രിങ്ക്ളറുമായി ഇപ്പോൾ കരാർ ഉണ്ടാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നരേന്ദ്ര മോഡി ലോഞ്ച് ചെയ്ത സെൽഫ് ഫോർ സൊസൈറ്റി എന്ന പ്ളാറ്റ്ഫോമിന്റെ സാങ്കേതിക സഹായം നൽകുന്നതിന് സ്പ്രിങ്ക്ളറുമായി കരാറുണ്ടാക്കിയിരിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഉൾപ്പെടെ വിഭവങ്ങൾ ശേഖരിക്കുന്നതിനാണ് കേന്ദ്ര ദുരന്തനിവാരണ മന്ത്രാലയവും കേന്ദ്ര ആരോഗ്യ മന്ത്രാലയവും സ്പ്രിങ്ക്ളറിൻ്റെ സാങ്കേതിക സഹായത്തോടെ പ്ളാറ്റ് ഫോം തയ്യാറാക്കിയതെന്നും കാണണം. ഇന്നലെ കേരളം ചെയ്തത് ഇന്ന് കേന്ദ്രം ചെയ്യുന്നു. ഇന്നലെ സംസ്ഥാനസർക്കാരിനെ പഴിച്ചവർക്ക് പക്ഷെ, ഇന്ന് സ്തുതിക്കാനൊ പഴിക്കാനൊ ത്രാണിയില്ല. മൂന്ന് കോടി ജനങ്ങളുടെ ഡാറ്റയാണ് ചോർത്തുന്നതെന്ന് ആക്ഷേപിച്ചവരുടെ വായ ഇന്ന് തുറക്കുന്നില്ല. അന്ന് വിവരക്കേട് വിളിച്ചുപറഞ്ഞവർ ഇന്ന് 130 കോടി ജനങ്ങളുടെ ഡാറ്റ ചോർത്തുന്നു എന്ന് ആരോപിക്കുന്നില്ല. അപ്പോൾ പിന്നെ എന്തായിരുന്നു അന്നത്തെ അജണ്ട.? വെറും നെറികെട്ട രാഷ്ട്രീയ കളി, അല്ലാതെന്ത്?
ജനങ്ങൾ ചത്തൊടുങ്ങിയാലും സാരമില്ല, ഞങ്ങൾക്ക് രാഷ്ട്രീയ ലാഭം കൊയ്യണം എന്ന ചിന്തയായിരുന്നു യുഡിഎഫിനും ബിജെപിക്കും. അതിനായി അവർ ഒറ്റക്കെട്ടായി നിലകൊണ്ടു. അന്ന് സ്പ്രിംഗ്ളറിന്റെ സേവനംകൊണ്ട് മാത്രമാണ് ഡാറ്റയുടെ കാര്യത്തിലും പ്രതിരോധത്തിലും നമുക്ക് മുന്നേറാൻ സാധിച്ചത്. അതും തികച്ചും സൗജന്യമായിട്ടുള്ള സേവനം ലഭിച്ചു. ഒരു മലയാളിയുടെ സ്റ്റാർട്ട്അപ് സംരംഭത്തെ ബഹുരാഷ്ട്ര കുത്തക എന്നാണ് അന്ന് പ്രതിപക്ഷവും ബിജെപിയും വിമർശിച്ചത്. സംസ്ഥാന സർക്കാരിനെ ഏതെല്ലാം തരത്തിൽ ഉപദ്രവിക്കാമോ അത്തരത്തിലെല്ലാം ഉപദ്രവിച്ചു അന്ന് കോലീബി സഖ്യം. ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങളാണ് അന്ന് ദുരിതമനുഭവിച്ചത്. കിഫ്ബിയെ കുറേ കാലം വേട്ടയാടിയ കേന്ദ്രസർക്കാർ പിന്നീട് കിഫ്ബിക്ക് സമാനമായ സംരംഭം നിർമ്മിക്കാൻ പ്ലാൻ ചെയ്തതതും വർത്തമാനകാലം നമുക്ക് കാട്ടിത്തന്നതാണ്.