ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയുടെ പേരിൽ പ്രചരിപ്പിച്ചത് വ്യാജ വീഡിയോ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിച്ചത്. വിഡിയോയിൽ സംസാരിക്കുന്ന സ്ത്രീ സിപിഎം നേതാവ് സുഭാഷിണി അലി എന്നായിരുന്നു സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം.
‘ലോകത്തിന്റെ ഇന്നത്തെ യുദ്ധസമാന സാഹചര്യത്തിൽ മോദിയെയാണ് നമ്മുക്ക് വേണ്ടത്. അല്ലാതെ ഇന്ത്യയെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും അറിയാത്ത രാഹുൽ ഗാന്ധിയെ അല്ലാ. ഇന്നത്തെ സാഹചര്യത്തിൽ മോഡിയെകൊണ്ടല്ലാതെ വേറെ ആരെകൊണ്ടും ഇന്ത്യയെ രക്ഷിക്കാൻ കഴിയില്ല’. സുഭാഷിണി അലിയുടെ വാക്കുകൾ കേൾക്കു എന്നിട്ട് വോട്ട് ചെയ്യൂ എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ പ്രചരിപ്പിച്ചത്.
സംഭവത്തിൽ പ്രതികരണവുമായി സുഭാഷിണി അലി രംഗത്തെത്തി. തന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ഇലക്ഷൻ കമ്മീഷനിലും പോലീസിലും താൻ പരാതി നൽകിയതായും അവർ പറഞ്ഞു.