ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം ഒഴിവാക്കിയതെന്നാണ് വിശദീകരണം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കോവിൻ സർട്ടിഫിക്കറ്റുകളിൽ നിന്നും ചിത്രം നീക്കം ചെയ്തത്.
‘ഒന്നിച്ചു ചേർന്ന് ഇന്ത്യ കൊവിഡ് 19-നെ തോൽപ്പിക്കും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾക്കും അദ്ദേഹത്തിന്റെ ചിത്രത്തിനുമൊപ്പമാണ് മുൻപ് കോവിൻ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്.
കോവിഷീൽഡ് വാക്‌സിൻ അപൂർവം ചില സാഹചര്യങ്ങളിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന വാർത്തയ്‌ക്ക് പിന്നാലെയാണ് നീക്കം. കൊവിഷീൽഡ് വാക്സീനെടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് എന്ന അവസ്ഥയുണ്ടാകാമെന്നാണ് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയെ അറിയിച്ചത്.
2022-ൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നൽകിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും മോദിയുടെ ചിത്രം നീക്കം ചെയ്തിരുന്നു. സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ നടപടി നിർബന്ധമാക്കിയത്.