നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയുടെ ഭരണഘടനയും ഭൂപടവും മാറുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ്റെ ഭർത്താവും സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകർ. മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സിൽ നടത്തിയ അഭിമുഖത്തിലാണ് പരകാല പ്രഭാകറിൻ്റെ പ്രതികരണം.
മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ലഡാക്ക്-മണിപ്പൂർ പോലെയുള്ള സാഹചര്യം രാജ്യത്ത് വീണ്ടും ഉടലെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണച്ചൂടിൽ മുന്നോട്ടുപോകുമ്പോഴാണ് ധനമന്ത്രി നിർമല സീതാരാമൻ്റെ ഭർത്താവും സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകർ മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ സംഭവിച്ചേക്കാവുന്ന ആശങ്കകൾ പങ്കുവച്ചത്.
2024ലും നരേന്ദ്രമോദി വിജയം ആവർത്തിച്ചാൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് പരകാല പ്രഭാകർ പറയുന്നു. മോദി അധികാരത്തിൽ തുടർന്നാൽ ഇന്ത്യയുടെ ഭരണഘടന തന്നെ മാറും. രാജ്യത്തിൻ്റെ ഭൂപടത്തിൽ പോലും മാറ്റമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. മോദിയുടെ വിദ്വേഷ പ്രസംഗത്തിന് വേദിയാകാൻ പോകുന്നത് രാജ്യത്തിൻ്റെ അഭിമാനമായ ചെങ്കോട്ട തന്നെയാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
ഇലക്ടറൽ ബോണ്ട് അഴിമതിയെ നിർമല സീതാരാമൻ വെളളപൂശാൻ ശ്രമിച്ചപ്പോൾ, ലോകത്തെ തന്നെ ഏറ്റവും വലിയ കുംഭകോണം എന്നായിരുന്നു പരകാല പ്രഭാകർ വിശേഷിപ്പിച്ചത്. അഴിമതി പരസ്യമായതോടെ തെരഞ്ഞെടുപ്പ് പോരാട്ടം ജനങ്ങളും ബിജെപിയും തമ്മിലാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.