ന്യൂഡൽഹി: ഡൽഹിയിലെ ആംആദ്മി സർക്കാരിനെ വീഴ്ത്താൻ ശ്രമങ്ങൾ സജീവമാക്കി ബിജെപി. ബിജെപിയിൽ ചേരണമെന്നും അല്ലെങ്കിൽ ഒരു മാസത്തിനകം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നേരിടാൻ തയ്യാറാകണമെന്നും അടുപ്പമുള്ള ഒരാൾ പറഞ്ഞു. ബിജെപിയിൽ ചേരാൻ കടുത്ത സമ്മർദമുണ്ടെന്നും ആംആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എഎപി പിളരില്ലെന്നും ഭീഷണിപ്പെടുത്തിയാലും ബിജെപിയിൽ ചേരില്ലെന്നും വ്യക്തമാക്കിയ അതിഷി, ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെയും സൗരവ് ഭരദ്വാജ്, രാഘവ് ചദ്ദ, ദുർഗേജ് പാഠക് എന്നിവരെയും അറസ്റ്റുചെയ്യാനുള്ള നീക്കം നടക്കുന്നതായും ആരോപിച്ചു. എല്ലാ നേതാക്കളെയും ജയിലിലേക്ക് അയച്ച് എഎപിയെ തകർക്കാനാണ് ബിജെപി പദ്ധതിയിടുന്നതെന്നും അതിഷി പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിലൂടെ പാർട്ടി തകരില്ലെന്ന് ഞായറാഴ്ച രാംലീല മൈതാനത്തെ ജനപങ്കാളിത്തത്തിൽ നിന്ന് അവർ മനസ്സിലാക്കി.
“ഞങ്ങൾ ബിജെപിയെ ഭയപ്പെടുന്നില്ല… ഞങ്ങൾ അരവിന്ദ് കെജ്രിവാളിൻ്റെ സൈനികരും ഭഗത് സിംഗിൻ്റെ അനുയായികളുമാണ്. നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ഞങ്ങൾ അവസാനം വരെ പോരാടും, ” അതിഷി പറഞ്ഞു.