ദില്ലി: കേന്ദ്ര സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സ്. കർഷക സമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകൾ താൽകാലികമായി ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സോഷ്യൽ മീഡിയാ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. ആവശ്യം അനുസരിച്ച് ചില അക്കൗണ്ടുകൾ പിൻവലിച്ചുവെന്നും എക്സ് പ്ലാറ്റ്ഫോമിന്റെ അധികൃതർ അറിയിച്ചു. നിയമനടപടികൾ സ്വീകരിക്കാനും കേന്ദ്രം നിർദേശിച്ചിരുന്നു.
എക്സിൻ്റെ ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്സ് പേജിലാണ് ഈ വിവരം പുറത്തുവിട്ടത്. ഉത്തരവ് പാലിക്കുന്നതിൻ്റെ ഭാഗമായി ഈ പോസ്റ്റുകളും അക്കൗണ്ടുകളും ഇന്ത്യയിൽ മാത്രമായി വിലക്കുമെന്നും എന്നാൽ ഇത്തരം നടപടികളോട് തങ്ങൾ യോജിക്കുന്നില്ലെന്നും എക്സ് വ്യക്തമാക്കി. ഈ പോസ്റ്റുകൾക്കും അഭിപ്രായ സ്വാതന്ത്ര്യം ബാധകമാണെന്നും എക്സ് പറയുന്നു.