മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ബുൽദാനയിൽ അമ്പലത്തിൽ നിന്ന് പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ 300 പേർ ചികിത്സ കിട്ടാതെ വലയുന്നു. ബുൽദാനയിൽ ലോണാർ എന്ന ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ ആശുപത്രി നിറഞ്ഞതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറോളം പേരുടെ ചികിത്സ വഴിയോരത്തായി. ക്ഷേത്രപരിസരത്ത് മരങ്ങളിൽ കയർ കെട്ടി ഡ്രിപ്പ് കൊടുക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചൊവ്വാഴ്ച രാത്രി പൂജക്ക് ശേഷം ഗ്രാമത്തിലെ അമ്പലത്തിൽ ഭക്തർക്ക് കൊടുത്ത പ്രസാദത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഒട്ടേറെപ്പേർ ഒന്നിച്ച് ചികിത്സ തേടിയതോടെ പലർക്കും ചികിത്സ ക്ഷേത്രപരിസരത്തുതന്നെ നൽകേണ്ടിവന്നു. ഭക്ഷ്യവിഷബാധയേറ്റ് എത്തിയവരെ സ്ഥലത്തെ ഗ്രാമീണ ആശുപത്രിയിലും ലോണാറിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചെങ്കിലും ഭൂരിഭാഗം പേർക്കും ചികിത്സ തെരുവിലായി.