ഹൈദരാബാദ്: തെലങ്കാനയിൽ ‘ജയ് ശ്രീറാം’ വിളികളുമായി എത്തിയ ബജ്റംഗ് ദൾ പ്രവർത്തകർ ദലിത് ക്രിസ്ത്യൻ പള്ളി ആക്രമിച്ചു. തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ ജൻവാഡ ഗ്രാമത്തിലാണ് സംഭവം. സംഘപരിവാർ സംഘടനയായ ബജ്റംഗ് ദൾ അനുഭാവികളായ ഇരുനൂറ് പേരോളം അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് കുട്ടികളുൾപ്പെടെ ഇരുപതോളം പേർക്ക് പരിക്കേറ്റു. ആരാധനാലയത്തിലെ ക്രൂശിതരൂപവും കസേരകളും കെട്ടിടത്തിൻ്റെ മേൽക്കൂരയും തകർത്തതായി അക്രമത്തിനിരയായവർ പറഞ്ഞു.
ആൾക്കൂട്ടം പള്ളി പിടിച്ചടക്കുന്നതിൻറെയും സ്ത്രീകൾ സഹായത്തിനായി നിലവിളിക്കുന്നതിൻ്റെയും വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ഏതാനും പോലീസുകാർക്കും സ്ഥിതി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അയോദ്ധ്യയിൽ രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്താ ദിവസം രാജ്യത്ത് വിവിധ ഇടങ്ങളിലായി ക്രൈസ്തവ, മുസ്ലിം വിശ്വാസികളുടെ ആരാധനാലയങ്ങൾക്ക് നേരെ ‘ജയ് ശ്രീറാം’ വിളികളുമായി എത്തിയ സംഘപരിവാർ സംഘടനകൾ ആക്രമണം നടത്തിയിരുന്നു.