കോർബ: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ മോദി അനുകൂല മുദ്രാവാക്യം വിളിച്ച ബി.ജെ.പി പ്രവർത്തകർക്ക് രാഹുൽ ഗാന്ധി വക ഫ്ലൈയിംഗ് കിസ്സും ഷേക്ക് ഹാൻഡും. ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ വച്ചാണ് ബി.ജെ.പിക്കാർ യാത്ര കടന്നുപോകുന്ന വഴി മോദി അനൂകൂല മുദ്രാവാക്യവുമായി എത്തിയത്. കഴിഞ്ഞയാഴ്ച ഒഡിഷയിൽ നിന്ന് സംസ്ഥാനത്തേക്ക് പ്രവേശിച്ച ഗാന്ധിയുടെ യാത്ര കോർബയിൽ നിന്ന് കത്ഘോരയിലേക്കുള്ള വഴി ധോഡിപാറയിലൂടെ കടന്നുപോകുകയായിരുന്നു.
യാത്ര കടന്നുപോകുമ്പോൾ ബി.ജെ.പി പ്രവർത്തകർ ഉച്ചത്തിൽ മോദി അനുകൂല മുദ്രാവാക്യം വിളിച്ചു. ഇവർക്കു നേരെ ചിരിച്ചു കൊണ്ട് കൈവീശിയ രാഹുൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ വാഹനം നിർത്തി പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങിച്ചെന്നു അവർക്കു കൈ കൊടുക്കുകയും ചെയ്തു. തുടർന്ന് എല്ലാവർക്കും നേരെ വീണ്ടും കൈവീശുന്നതും കാണാം. വാഹനത്തിൻറെ മുകളിൽ ഇരുന്ന ശേഷം ബി.ജെ.പിക്കാർക്ക് നേരെ ‘ഫ്ലൈയിംഗ് കിസ്’ നൽകുന്നതും വീഡിയോയിലുണ്ട്.