ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം രാജ്യത്തെ മാധ്യമ പ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കും നേരെ ആരംഭിച്ച വേട്ടയാടൽ എത്രമാത്രം അതിര് കടന്നു എന്നതിൻ്റെ തെളിവാണ് ന്യൂസ് ക്ലിക്കിനെതിരായ കടന്നാക്രമണം. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മാത്രം മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും എതിരായി കേന്ദ്ര ഏജൻസികളായ ഇഡി, ഐടി, എൻഐഎ എന്നിവ 44 കേസുകൾ എടുത്തു. ഇഡി –15 കേസും , ആദായ നികുതി വകപ്പ് 9 ഉം , എൻഐഎ 20 ഉം കേസാണ് എടുത്തത്. ചരിത്രത്തിലെ ഏറ്റവും മോശമായ അന്തരീക്ഷത്തിലൂടെയാണ് ഇന്ത്യയിലെ മാധ്യമ മേഖല കടന്നുപോകുന്നത്. 180 രാജ്യങ്ങൾ ഉൾപ്പെടുന്ന 2023 ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 161 ആണ്.
മോദി സർക്കാർ അധികാരത്തിലെത്തിയശേഷം ഇന്ത്യയുടെ സ്ഥാനം ഓരോ വർഷവും കൂപ്പുകുത്തി. യുപിയിൽ 55 മാധ്യമ പ്രവർത്തകർക്കെതിരെയാണ് യോഗി ആദിത്യനാഥ് സർക്കാർ കേസെടുത്തത്. ന്യൂസ് ക്ലിക്കിനു നേരെ നടന്ന അതിക്രമം കേന്ദ്ര സർക്കാരിന് കുഴലൂത്ത് നടത്തുന്ന മലയാള മാധ്യമങ്ങളുടെ അടിമ മനസ്സ് ഒരിക്കൽ കൂടി പുറത്തു കൊണ്ടുവന്നു. കേന്ദ്രസർക്കാരിൻ്റെ മാധ്യമ വേട്ടയെ ന്യായീകരിക്കും വിധം വാർത്ത നൽകി മനോരമ പോലുള്ള മാധ്യമങ്ങൾ വിനീത വിധേയത്വം പ്രകടിപ്പിച്ചു. കേന്ദ്ര സർക്കാരിൻ്റെയും സംഘപരിവാറിൻ്റെയും വരുതിക്ക് നിൽക്കാത്ത മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തുടർച്ചയായി വേട്ടയാടുകയാണ്.
● ബിബിസി
ഗുജറാത്ത് കൂട്ടക്കൊലയിൽ നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനു പിന്നാലെ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തി. റെയ്ഡല്ല സർവേ മാത്രമെന്നാണ് ഐടിവകുപ്പ് അവകാശപ്പെട്ടത്. ട്രാൻസ്ഫർ പ്രൈസിങ്ങിൽ (ഉൽപ്പന്നമോ സേവനമോ നിശ്ചിത വില നൽകി വാങ്ങൽ) ക്രമക്കേടുകൾ, ലാഭത്തിൻ്റെ വകമാറ്റൽ തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഡോക്യുമെന്ററി കേന്ദ്ര സർക്കാർ വിലക്കുകയും ചെയ്തു.
● ദി വയർ
ബിജെപി സർക്കാരിന്റെ അധികാര വേട്ടയ്ക്ക് നിരന്തരം ഇരയായ സ്ഥാപനമാണ് ഓൺലൈൻ വാർത്താ പോർട്ടലായ വയർ. പുറത്തുകൊണ്ടുവരുന്ന വാർത്തകൾക്കെതിരെ മാനനഷ്ടക്കേസുകൾ നൽകി നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങളെ നിയമപരമായി നേരിട്ടാണ് വയർ മുന്നോട്ട് പോകുന്നത്. ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയുടെ പരാതിയിൽ വയറിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഓഫീസിലും സ്ഥാപക എഡിറ്റർമാരായ സിദ്ധാർഥ് വരദരാജൻ, എം കെ വേണു, സിദ്ധാർഥ് ഭാട്ടിയ, ജാഹ്നവി സെൻ എന്നിവരുടെ വസതിയിലും പരിശോധന നടത്തി. യുപിയിലെ കോവിഡ് പ്രതിരോധത്തിലെ വീഴ്ച റിപ്പോർട്ട് ചെയ്തതിന് 2020 ഏപ്രിലിനും 2021 ജൂണിനുമിടയിൽ ആദിത്യനാഥ് സർക്കാർ നാല് കേസെടുത്തു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മാധ്യമ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് നൽകിയ വാർത്തയ്ക്കെതിരെ നടത്തിയ നീക്കവും കോടതിയിൽ പരാജയപ്പെട്ടു. 2014ൽ ബിജെപി അധികാരത്തിൽ വന്നശേഷം അമിത് ഷായുടെ മകൻ ജയ്ഷാ സാമ്പത്തികവളർച്ച 16000 മടങ്ങ് ആയതിനെക്കുറിച്ചുള്ള വാർത്തയ്ക്കെതിരെ നൽകിയ മാനനഷ്ടക്കേസിൽ വിചാരണ നടക്കുകയാണ്.
● ന്യൂസ്ലോൺഡ്രി
സാമ്പത്തിക തിരിമറി നടത്തിയെന്ന് ആരോപിച്ച് രണ്ടുതവണ ഐടിവകുപ്പ് പരിശോധന നടത്തി. 2021 ജൂണിലാണ് ആദ്യ പരിശോധന. പിടിച്ചെടുക്കുന്ന വിവരങ്ങൾ ചോരുന്നത് സംബന്ധിച്ച് കോടതി ഇടപെടൽ ഐടിവകുപ്പിന് വൻ തിരിച്ചടിയായി.
● ദൈനിക് ഭാസ്കർ
കോവിഡ് പ്രവർത്തനങ്ങളിലെ വീഴ്ച തുറന്നുകാട്ടിയതിനു പിന്നാലെ 2021 ജൂലൈ 22-ന് ആദായ നികുതിവകുപ്പ് ദൈനിക് ഭാസ്കർ ഗ്രൂപ്പിന്റെ ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്രയിൽ എന്നിവിടങ്ങളിലെ 30 സ്ഥലങ്ങളിൽ പരിശോധന നടത്തി. ആറു വർഷത്തിനിടയിൽ 7000 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ഐടിവകുപ്പിന്റെ ആരോപണം. യഥാർഥ കോവിഡ് മരണ കണക്കുകൾ കേന്ദ്ര സർക്കാർ മറച്ചുവച്ചത് സംബന്ധിച്ച് ദൈനിക് ഭാസ്കർ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 2023 ജൂലൈയിലും ആദായ നികുതിവകുപ്പ് പരിശോധന നടത്തി.
● ന്യൂസ്ക്ലിക്ക്
ഫെബ്രുവരിയിലും ന്യൂസ്ക്ലിക്കിന്റെ ഓഫീസിലും എഡിറ്റർമാരുടെ വീടുകളിലും ഇഡി പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചായിരുന്നു പരിശോധന. ഡൽഹി ഹൈക്കോടതി ഇഡി അന്വേഷണം സ്റ്റേ ചെയ്തു.
● ഭാരത് സമാചാർ
കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ പുറത്തുവിട്ട യുപിയിലെ പ്രധാന വാർത്താചാനലായ ഭാരത് സമാചാറിൻ്റെ ഓഫീസിൽ സാമ്പത്തിക തിരിമറി ആരോപിച്ച് ആദായ നികുതിവകുപ്പ് പരിശോധന നടത്തി. ദി കശ്മീർ വാലാ എന്ന ശ്രീനഗർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ രാജ്യത്ത് വിലക്കി. 2022 ഫെബ്രുവരിയിൽ എഡിറ്ററും സ്ഥാപകനുമായ ഫഹദ് ഷായെ പൊതു സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. പുൽവാമ വെടിവപ്പുമായി ബന്ധപ്പെട്ട് നൽകിയ വാർത്തയുടെ പേരിലായിരുന്നു നടപടി.
● ദി സ്ക്രോൾ
നരേന്ദ്ര മോദി ഏറ്റെടുത്ത ഡോമാരി ഗ്രാമത്തിലെ ഭക്ഷ്യക്ഷാമം റിപ്പോർട്ട് ചെയ്തതിനാണ് സ്ക്രോളിൻ്റെ എഡിറ്റർ പ്രിയ ശർമയ്ക്കെതിരെ വാരാണസി ജില്ലാ അധികൃതർ കേസെടുത്തത്. കോവിഡ് അടച്ചിടലിനിടെ സാമൂഹ്യ അടുക്കള അടച്ചുപൂട്ടിയ വാർത്ത നൽകിയതിന് ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്.