മണിപ്പുരിൽ സംഘർഷബാധിത മേഖലകളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പൊലീസുകാരും പങ്കാളികളായിട്ടുണ്ടെന്ന ആരോപണം വിശദമായി പരിശോധിക്കണമെന്ന് സുപ്രീംകോടതി.
അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ കോടതി ചുമതലപ്പെടുത്തിയ മഹാരാഷ്ട്ര മുൻ ഡിജിപി ദത്താത്രേയ പട്സാൽഗികർക്കാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയത്. കഴിഞ്ഞയാഴ്ച വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി വിശദമായ മാർഗനിർദേശം പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം പുറത്തുവന്ന ഉത്തരവിലാണ്, കുറ്റകൃത്യങ്ങളിൽ പൊലീസുകാരുടെ പങ്കാളിത്തംകൂടി അന്വേഷിക്കണമെന്ന സുപ്രധാന നിർദേശമുള്ളത്.
സംഘർഷങ്ങൾ തടയുന്നതിലും ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിലും പൊലീസ് വലിയരീതിയിൽ പരാജയമായിരുന്നെന്ന വസ്തുത സാക്ഷിമൊഴികളിൽനിന്നും മറ്റും വ്യക്തമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചില സന്ദർഭങ്ങളിൽ പൊലീസുകാർ കുറ്റവാളികളുമായി ചേർന്ന് പ്രവർത്തിച്ചെന്ന ഗുരുതര ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ ആരെങ്കിലും വീഴ്ച കാണിച്ചിട്ടുണ്ടെങ്കിൽ പദവിയോ റാങ്കോ സ്ഥാനമോ കണക്കിലെടുക്കാതെ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ജസ്റ്റിസുമാരായ ജെ ബി പർധിവാല, മനോജ് മിശ്ര എന്നിവർകൂടി അംഗങ്ങളായ ബെഞ്ച് നിർദേശിച്ചു.