ന്യൂഡൽഹി: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ടിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വൻ വിജയം നേടി. ഇന്ത്യ സഖ്യത്തിൻ്റെ സ്ഥാനാർഥികളായ സിപിഎം എംപി എ എ റഹീമും കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഘടിയുമാണ് തിളക്കമാർന്ന വിജയം കൈവരിച്ചത്. രാജ്യസഭാ എംപിമാർ നാമനിർദ്ദേശം ചെയപ്പെടേണ്ട നാല് ഒഴിവുകളിലേക്കായി അഞ്ചുപേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ബിജെപി മൂന്നുപേരെ മത്സരിപ്പിച്ചെങ്കിലും രണ്ടുപേർ മാത്രമാണ് വിജയിച്ചത്. ഇന്ത്യ സഖ്യത്തിനൊപ്പം ബിആർഎസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ബിജെപിയെ പരാജയപ്പെടുത്താൻ ശക്തമായ നിലപാട് സ്വീകരിച്ചു. രാജ്യസഭയിലെ അംഗങ്ങളായ കേന്ദ്ര മന്ത്രിമാരടക്കം ഭരണ മുന്നണിയിലെ പ്രമുഖരെല്ലാം വോട്ടെടുപ്പിൽ പങ്കെടുക്കുകയും ബിജെപി എംപിമാരെ വിജയിപ്പിക്കാനുള്ള ഇടപെടലുകൾ നടത്തുകയും ചെയ്തെങ്കിലും ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാൻ കഴിഞ്ഞില്ല. എ എ റഹീമിന് 49 ഉം ഇമ്രാൻ പ്രതാപ്ഘടിക്ക് 53 ഉം വോട്ടുകൾ ലഭിച്ചപ്പോൾ നാല്പതിൽ താഴെ വോട്ടുകൾ മാത്രമാണ് വിജയിച്ച ബിജെപി എംപിമാർക്ക് നേടാനായത്.
ബിജെപിയുടെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് ഈ പരാജയമെന്ന് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു. പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചുനിന്നാൽ ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കുമെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നു. സഭയ്ക്ക് അകത്തും പുറത്തും ഒറ്റക്കെട്ടായ പോരാട്ടങ്ങൾ തുടരാൻ ഈ വിജയം പ്രതിപക്ഷത്തിന് കരുത്ത് പകരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.