ന്യൂഡൽഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷണിനെതിരെ പ്രായപൂർത്തിയാകാത്ത ഗുസ്തിതാരം മൊഴി മാറ്റാൻ നിർബന്ധിതയായത് കടുത്ത സമ്മർദം കാരണമാണെന്ന് സാക്ഷി മാലിക്. പെൺകുട്ടിയും കുടുംബവും കടുത്ത സമ്മർദത്തിനും ഭീഷണിക്കും ഇരയായി. കുട്ടി രഹസ്യമൊഴി നൽകിയ ഉടൻ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്തെങ്കിൽ ഭീഷണിക്കുവഴങ്ങി മൊഴി മാറ്റേണ്ടിവരില്ലായിരുന്നു. മാത്രമല്ല, മറ്റ് കുട്ടികളും മുന്നോട്ടുവരാൻ ധൈര്യം കാണിക്കുമായിരുന്നു എന്നും സാക്ഷി മാലിക് മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രം പഠിച്ചശേഷം തുടർ സമരം പ്രഖ്യാപിക്കും. കുറ്റപത്രത്തിൻ്റെ പകർപ്പ് ലഭിക്കാൻ അപേഷ നൽകിയിട്ടുണ്ട്. ബ്രിജ്ഭൂഷൺ കുറ്റക്കാരനാണെന്ന് പോലീസ് സമ്മതിച്ചിട്ടുണ്ടെങ്കിലും വകുപ്പുകൾ ഏതൊക്കെയെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും സാക്ഷി മാലിക് പ്രതികരിച്ചു.
കുട്ടി രഹസ്യമൊഴിയിൽ മാറ്റംവരുത്തിയത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണ്. പോക്സോ വകുപ്പ് ഒഴിവാക്കാൻ ഡൽഹി പോലീസ് നൽകിയ അപേക്ഷയിൽ പട്യാലഹൗസ് കോടതി ജൂലൈ നാലിന് വാദം കേൾക്കും. രഹസ്യമൊഴി നൽകിയിട്ടും അറസ്റ്റ് നടത്തുന്നതിനു പകരം കുട്ടിയെ സമ്മർദത്തിലാക്കാൻ ഡൽഹി പോലീസ് കൂട്ടുനിന്നത് വ്യക്തമാണ്. കുറ്റപത്രത്തിൽ പോലീസ് പോക്സോ ഉൾപ്പെടുത്തിയിട്ടില്ല.