ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഒത്താശയോടെ ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്ന മണിപ്പൂരില്‍ കലാപം പടരുന്നു. ഒരുമാസമായി തുടരുന്ന കലാപത്തീ നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സുഗ്നു മേഖലയില്‍ തിങ്കളാഴ്ച 15 പള്ളികളും11 സ്കൂളുകളും അക്രമികള്‍ കത്തിച്ചു.
15 ഗ്രാമങ്ങളില്‍ വ്യാപകമായ ആക്രമണം ഉണ്ടായെന്ന് ഗോത്രവര്‍ഗ ഫോറം നേതാക്കള്‍ പറഞ്ഞു. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനുശേഷവും കലാപം ആളിക്കത്തുകയാണ്. സംസ്ഥാനത്തെ ഇന്റര്‍നെറ്റ് നിരോധനം ശനിയാഴ്ചവരെ സര്‍ക്കാര്‍ നീട്ടി. മെയ്ത്തീ തീവ്രവാദ സംഘടനകളായ ആരംബായ് തെംഗോല്‍, മെയ്ത്തീ ലീപുണ്‍ എന്നിവയാണ് വ്യാപകമായി ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഗോത്രവര്‍ഗ നേതാക്കള്‍ പറഞ്ഞു.
ബിജെപി പിന്തുണയുള്ള ഈ തീവ്രവാദ സംഘടനകള്‍ സായുധരാണ്. പൊലീസിന്റെ ആയുധശാലകളില്‍നിന്ന് കിട്ടിയതടക്കമുള്ള തോക്കുകളാണ് അക്രമികള്‍ ഉപയോഗിക്കുന്നത്. പൊലീസ് അക്രമി സംഘങ്ങള്‍ക്ക് തോക്കുകളും വെടിയുണ്ടയും കൈമാറിയെന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മെയ് 30ന് ചന്ദേലില്‍ എട്ടും കാംങ്പോപ്കിയില് ഏഴും ഗ്രാമങ്ങള്‍ കത്തിച്ചു. 15 ദിവസത്തേക്ക് സമാധാനം പാലിക്കണമെന്ന് അമിത് ഷാ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, മുഖ്യമന്ത്രി എന്‍ ബീരേന്‍സിങ് ഇതു നടപ്പാക്കാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല. അമിത് ഷായുടെ സന്ദര്‍ശനം മറയാക്കി കുക്കി, സോ സമുദായങ്ങള്‍ക്കുനേരെ മെയ്ത്തീ തീവ്രവാദികള്‍ ആക്രമണം നടത്തുകയാണെന്ന് ഗോത്രവര്‍ഗ നേതാക്കള്‍ പറഞ്ഞു. ആരംബായ് തെംഗോല്‍, മെയ്ത്തീ ലീപുണ്‍ എന്നിവയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ ഒപ്പുശേഖരണവും തുടങ്ങി. മണിപ്പുര്‍ താഴ്വരയില്‍പോലും സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൗരസമൂഹ സംഘടനകളുടെ കൂട്ടായ്മ ഖുരായ്ജം അതൗബ നേതാക്കള്‍ പറഞ്ഞു.
മെയ് മൂന്നിനാണ് മണിപ്പുരില്‍ വംശീയകലാപം തുടങ്ങിയത്. മെയ്ത്തീകള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കാനുള്ള സര്‍ക്കാര്‍നീക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. ഇതുവരെ 98 പേര് കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. മണിപ്പുര്‍ സെറോ മേഖലയില്‍ സുരക്ഷാസേനയും സായുധ അക്രമികളും തമ്മില്‍ ചൊവ്വാഴ്ചയുണ്ടായ വെടിവയ്പില്‍ ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. രണ്ട് അസം റൈഫിള്‍സ് ജവാന്മാര്ക്ക് പരിക്കേറ്റു.