ഗ്രേറ്റർ നോയിഡ: പതിമൂന്ന് വർഷംമുമ്പ് ഭൂമി ഏറ്റെടുത്തപ്പോൾ നഷ്ടപരിഹാരം സംബന്ധിച്ച് കർഷകർക്ക് നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധം. അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ആസ്ഥാനമാണ് ഉപരോധിച്ചത്. ആയിരക്കണക്കിന് കർഷകർ പങ്കെടുത്ത റാലിയും നടന്നു. 2010ൽ ഭൂമി ഏറ്റെടുത്തപ്പോൾ എത്തിച്ചേർന്ന കരാറിൽ നഷ്ടപരിഹാരവും കർഷകരുടെ പുനരധിവാസ വ്യവസ്ഥയുണ്ടായിരുന്നങ്കിലും ഇതൊന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല.
സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, അഖിലേന്ത്യ കിസാൻസഭ വൈസ് പ്രസിഡന്റ് ഹന്നൻ മൊള്ള, ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ തുടങ്ങിയവർ അഭിവാദ്യംചെയ്തു. കിസാൻസഭ ജില്ലാ നേതാക്കളും സംസാരിച്ചു. അതോറിറ്റി ആസ്ഥാനത്തിനു മുന്നിൽ 21 ദിവസമായി ധർണ നടന്നുവരികയാണ്.