കോഴിക്കോട്: കേന്ദ്ര സർക്കാരിൻ്റെ കോർപറേറ്റ് ഹിന്ദുത്വ അജണ്ടയുടെ ഉൽപ്പന്നമാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് പ്രഭാത് പട്നായിക് പറഞ്ഞു. എ കെ ജി പഠനഗവേഷണ കേന്ദ്രവും കേളു ഏട്ടൻ പഠനഗവേഷണ കേന്ദ്രവും ചേർന്ന് സംഘടിപ്പിക്കുന്ന അഞ്ചാമത് കേരള അന്താരാഷ്ട്ര പഠന കോൺഗ്രസിൻ്റെ മുന്നോടിയായുള്ള വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോർപറേറ്റ്–ഹിന്ദുത്വ കൂട്ടുകെട്ടാണ് രാജ്യത്ത് നിലനിൽക്കുന്നത്. നവഉദാര നയങ്ങളും നവ ഫാസിസവും ഒന്നായി പ്രവർത്തിക്കുന്നു. മുതലാളിത്തം പ്രതിസന്ധി നേരിടുമ്പോഴെല്ലാം അതിൻ്റെ ദൗർബല്യം മറച്ചുവയ്ക്കാൻ ഫാസിസം ശക്തിപ്രാപിക്കാറുണ്ട്. അതൊരു അന്തർദേശീയ പ്രവണതയാണ്. ഇറ്റലിയിലും ജർമനിയിലും അമേരിക്കയിലും അതു കണ്ടതാണ്. ഇന്ത്യയിലും അതാണ് നടക്കുന്നത്. നവ ഫാസിസത്തിന് കുത്തക മുതലാളിത്തം സാമ്പത്തിക സഹായവും മാധ്യമ പിന്തുണയും ഉറപ്പാക്കുന്നു. ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ചർച്ചചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല. പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും ചർച്ചയാകുന്നതിനുപകരം വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും രാഷ്ട്രീയം ഉയർത്തുന്നു. ഏക സിവിൽകോഡും ദേശീയ പൗരത്വ രജിസ്റ്ററും ചർച്ചാ വിഷയമാക്കുന്നു.
പുതിയ വിദ്യാഭ്യാസ നയം സർഗാത്മകതയെ അംഗീകരിക്കുന്നില്ല. വിമർശനത്തെ നിരുത്സാഹപ്പെടുത്തുന്നു. ജനകീയ വിദ്യാഭ്യാസത്തെ തകർത്ത് വിദ്യാഭ്യാസം കച്ചവടവൽക്കരിക്കാനാണ് ശ്രമം. എൻട്രൻസ് പരീക്ഷകൾക്കുള്ള കോച്ചിങ് സെന്ററുകളിൽ ഫീസ് നൽകാൻ സാധിക്കാത്തവൻ ഉന്നത വിദ്യാഭ്യാസത്തിന് പുറത്താകുന്നു. സംവരണം അട്ടിമറിക്കപ്പെടുന്നു. വിദേശ സർവകലാശാലകൾ സ്വന്തമായ സിലബസ് ഉണ്ടാക്കുന്നു. മുതലാളിത്ത താൽപ്പര്യങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. ചൂഷണവും ദാരിദ്ര്യവും പാഠ്യപദ്ധതിയിൽ ഇടംപിടിക്കില്ല. ഇത് വിദ്യാഭ്യാസത്തിൻ്റെ അന്തഃസത്തയെ തകർക്കും. ഡാർവിൻ്റെ പരിണാമസിദ്ധാന്തവും മുഗൾ ചരിത്രവും മൗലാന അബുൾ കലാം ആസാദും പാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റപ്പെടുന്നു. സർവകലാശാലകളുടെ തലപ്പത്തുനിന്ന് അക്കാദമിക് പണ്ഡിതരെ ഒഴിവാക്കി സംഘപരിവാർ നോമിനികളെ അവരോധിക്കുകയാണ്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിനെപ്പോലും കൈയേറ്റക്കാരനായി ചിത്രീകരിക്കുകയാണെന്നും പ്രഭാത് പട്നായിക് പറഞ്ഞു.