ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസ് തൻ്റെ ബെഞ്ച് പരിഗണിക്കുന്നത് തടയാൻ ഗൂഢ നീക്കം നടക്കുന്നതായി തുറന്നടിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ എം ജോസഫ്. താൻ റിട്ടയർ ചെയ്യുന്നതിനു മുമ്പ് കേസ് ഡിവിഷൻ ബെഞ്ചിനു മുന്നിൽ വരാതിരിക്കാൻ നടക്കുന ആസൂത്രിത നീക്കമാണ് അദ്ദേഹം തുറന്നു കാട്ടിയത്. അദ്ദേഹത്തിൻ്റെ അവസാന പ്രവൃത്തി ദിനമായ മെയ് 19 നു ശേഷം മാത്രം കേസ് വിചാരണക്കെടുക്കുന്നതിനുള്ള നീക്കമാണ് കേന്ദ്ര സർക്കാരും ഗുജറാത്ത് ഗവൺമെന്റും നടത്തുന്നത്. ബിൽക്കിസ് ബാനു കേസിൽ 11 പ്രതികളെയും വെറുതെ വിട്ടതിനെ ജസ്റ്റിസ് കെ എം ജോസഫും ജസ്റ്റിസ് നാഗരത്നയും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് അതിരൂക്ഷമായി വിമർശിച്ചിരുന്നു. ഇതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. രേഖകൾ ഹാജരാക്കാൻ വിസമ്മതിച്ച ഗുജറാത്ത് സർക്കാരും കേന്ദ്ര സർക്കാരും മലക്കം മറിഞ്ഞു. ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ ഗുജറാത്ത് വംശഹത്യക്കിടെ ബലാത്സംഗം ചെയ്ത കുറ്റവാളികളെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാമെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ അതില്ലാതെ വിധി പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയതിനെത്തുടർന്നാണ് സർക്കാരിൻ്റെ മലക്കംമറിച്ചിൽ.
കുറ്റവാളികൾക്ക് ശിക്ഷാഇളവ് നൽകാമെന്ന ഗുജറാത്ത് സർക്കാരിൻ്റെ ശുപാർശയും അതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ അംഗീകാരവും ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. തുടർന്ന്, കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇതോടെ, വേനലവധിക്കുശേഷം ജൂലൈയിൽ മാത്രമേ അന്തിമവാദം കേൾക്കൽ ഉണ്ടാകൂ എന്ന് ഉറപ്പായി. കേസ് പരിഗണിക്കുന്ന ജസ്റ്റിസ് കെ എം ജോസഫ് ജൂണിൽ വിരമിക്കും. ഈ സാഹചര്യത്തിൽ പുതിയ ബെഞ്ച് അന്തിമവാദം കേൾക്കും എന്നുറപ്പായി. ബിൽക്കിസ് ബാനു കേസ് തൻ്റെ ബെഞ്ച് പരിഗണിക്കുന്നത് തടയാനുള്ള ഗൂഢനീക്കം തുറന്നു കാട്ടിയ ജസ്റ്റിസ് കെ എം ജോസഫ് എന്താണ് നിങ്ങളുടെ ഉദ്ദേശ്യമെന്നത് പകൽപോലെ വ്യക്തമാണെന്നും പറഞ്ഞു.”ഞാൻ ജൂൺ 16ന് വിരമിക്കും. മെയ് 19നാണ് എൻ്റെ അവസാന പ്രവൃത്തിദിനം. എൻ്റെ ബെഞ്ച് ഈ കേസ് കേൾക്കരുതെന്ന് നിങ്ങൾക്ക് താൽപ്പര്യമുണ്ട്. കേസ് ജയിക്കുന്നതും തോൽക്കുന്നതും ഒക്കെ സ്വാഭാവികമാണ്. എന്നാൽ, അതിൻ്റെ പേരിൽ സ്വന്തം കർത്തവ്യങ്ങൾ വിസ്മരിക്കരുത് ’- ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു.
കുറ്റവാളികളെ വെറുതെവിട്ട നടപടിയെ ജസ്റ്റിസ് കെ എം ജോസഫിൻ്റെ ബെഞ്ച് അതിരൂക്ഷമായി വിമർശിച്ചിരുന്നു. ബിൽക്കിസ് ബാനുവിന് സംഭവിച്ചത് നാളെ മറ്റാർക്കും സംഭവിക്കാമെന്നും നിരീക്ഷിച്ചിരുന്നു. ബിൽക്കിസ് ബാനുവിനുവേണ്ടി ഹാജരായ അഭിഭാഷകർ അവധിക്കാലത്ത് ഈ ബെഞ്ചുതന്നെ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സോളിസിറ്റർ ജനറൽ ശക്തമായി എതിർത്തു.