ന്യൂഡൽഹി: കർഷകപ്രക്ഷോഭത്തിന് സാമ്പത്തിക സഹായം നൽകിയതിൻ്റെ പേരിൽ രാജ്യത്തെ ബഹുഭൂരിപക്ഷം തപാൽ ജീവനക്കാരുടെയും പിന്തുണയുള്ള സംഘടന എൻഎഫ്പിഇയുടെ അംഗീകാരം കേന്ദ്രസർക്കാർ റദ്ദാക്കി. ഘടക അസോസിയേഷനായ അഖിലേന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ ഗ്രൂപ്പ് ‘സി’യുടെ അക്കൗണ്ടിൽനിന്ന് 2021 മാർച്ച് 31ന് 30,000 രൂപ കർഷകപ്രസ്ഥാനത്തിന് നൽകിയതെന്ന് ആരോപിച്ചാണ് കേന്ദ്ര സർക്കാരിൻ്റെ ഈ പ്രതികാര നടപടി.
കർഷകർ രാഷ്ട്രീയത്തിന് അതീതമായി നടത്തിയ മുന്നേറ്റത്തിന് സഹായം നൽകുകയെന്ന കടമയാണ് നിർവഹിച്ചതെന്ന ഫെഡറേഷൻ്റെ വാദം തള്ളിയാണ് കേന്ദ്രം എൻഎഫ്പിഇയുടെ അംഗീകാരം റദ്ദാക്കിയത്. സിപിഎമ്മിന് 4,935 രൂപയും സിഐടിയുവിന് 50,000 രൂപയും ഫെഡറേഷനും അനുബന്ധ സംഘടനകളും സംഭാവന നൽകിയെന്നും സർക്കാർ ആരോപിക്കുന്നു.
പതിനേഴ് ലക്ഷം കോടിയോളം രൂപയുടെ ധനകാര്യ സേവന ഇടപാടുള്ള തപാൽ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം നടത്തുന്ന ശ്രമങ്ങളെ എൻഎഫ്പിഇ ചെറുത്തുനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിൻ്റെ ഇരുട്ടടി. 10 വർഷം മുമ്പ് ജീവനക്കാർക്കിടയിൽ നടത്തിയ ഹിതപരിശോധനയിൽ 75 ശതമാനം വോട്ട് നേടിയാണ് എൻഎഫ്പിഇ അംഗീകാരം ഉറപ്പിച്ചത്.
ബിഎംഎസ് സംഘടനയ്ക്ക് അന്ന് അഞ്ച് ശതമാനം മാത്രം വോട്ടാണ് ലഭിച്ചത്. അടുത്ത വർഷം വീണ്ടും ഹിതപരിശോധന നടക്കാനിരിക്കെ കേന്ദ്രം ഈ നടപടി സ്വീകരിച്ചത് മേഖലയിൽ സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് എൻഎഫ്പിഇ അസി. ജനറൽ സെക്രട്ടറി പി കെ മുരളീധരൻ പ്രതികരിച്ചു.