ന്യൂഡല്‍ഹി: 40 സൈനികരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തില്‍ മോദിയുടെ മുഖം തുറന്നുകാണിച്ച ബിജെപി മുന്‍ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന മുന്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്കിന് മറ്റൊരു കേസില്‍ സിബിഐ നോട്ടീസ്. വിമര്‍ശിക്കുന്നവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന ബിജെപി സര്‍ക്കാരിൻ്റെ പതിവ് രീതിയാണ് സത്യപാലിനെതിരെയും എടുത്തിരിക്കുന്ന ആയുധം. ഈ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്.
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പദ്ധതിനടത്തിപ്പ് അനില്‍ അംബാനിയുടെ കമ്പനിക്ക് കൈമാറാന്‍ തനിക്ക് 300 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന 2021 ഒക്ടോബറിലെ വെളിപ്പെടുത്തലിൻ്റെ പേരിലാണ് സത്യപാലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്‍ഷുറന്‍സ് പദ്ധതി കേസില്‍ ചില വിശദീകരണങ്ങള്‍ നല്കാന് സിബിഐ ആസ്ഥാനത്ത് എത്തണമെന്നാണ് കഴിഞ്ഞ ദിവസം സിബിഐ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.
പുല്‍വാമ മോദിസര്‍ക്കാരിൻ്റെ വീഴ്ചയാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നോട്ടീസ് എത്തിയത്. അതേസമയം, ‘ചില വ്യക്തികളുടെ തെറ്റുകള്‍ വെളിപ്പെടുത്തിയതിന് വേട്ടയാടുകയാണ്. കര്‍ഷകൻ്റെ മകനാണ്, എന്നെ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാനാകില്ല. സത്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് മലിക് പ്രതികരിച്ചു.
സത്യപാല്‍ മലിക്കിന് സമന്‍സ് അയച്ച സിബിഐ നടപടി ഇന്ത്യന്‍ ജനാധിപത്യത്തിനുനേരെയുള്ള നഗ്നമായ കടന്നാക്രമണമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ദേശസുരക്ഷ സംബന്ധിച്ച് മലിക് ഉയര്‍ത്തിയ ചോദ്യങ്ങളോട് പ്രതികരിക്കാതെ മോദിസര്‍ക്കാര്‍ സിബിഐയെ കെട്ടഴിച്ചുവിട്ടിരിക്കയാണ്. ഇത് അപലപനീയവും ലജ്ജാകരവുമാണെന്നും യെച്ചൂരി പറഞ്ഞു.