ഭുവനേശ്വർ: പെൻഷൻ വാങ്ങാൻ 70 വയസുള്ള സ്ത്രീ പൊള്ളുന്ന ചൂടിൽ നഗ്നപാദയായി നടന്നത് കിലോമീറ്ററുകളോളം. ഒഡീഷയിലെ നബ്രംഗ്പൂർ ജില്ലയിലെ ഝരിഗാവ് ബ്ലോക്കിലാണ് സംഭവം. സൂര്യ ഹരിജൻ എന്ന വൃദ്ധയാണ് ബാങ്കിൽ നിന്ന് പെൻഷൻ വാങ്ങാനായി പൊള്ളുന്ന ചൂടിൽ നഗ്നപാദയായി ഒടിഞ്ഞ കസേരയുടെ സഹായത്താൽ നടന്നത്. പൊള്ളുന്ന ചൂടും ശാരീരിക അവശതകളും മറന്ന് കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ച വൃദ്ധയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഇവരുടെ മൂത്ത മകൻ അന്യസംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുന്നു. ഇളയ മകൻ്റെ കുടുംബത്തോടൊപ്പമാണ് വൃദ്ധ താമസിക്കുന്നത്. മറ്റുള്ളവരുടെ കന്നുകാലികളെ മേച്ചാണ് ഇളയ മകനും കുടുബവും ജീവിതം മുന്നോട് കൊണ്ടു പോകുന്നത്. പെൻഷൻ വാങ്ങാൻ ബാങ്കിൽ എത്തിയെങ്കിലും തള്ളവിരൽ രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന കാരണത്താൽ പെൻഷൻ വാങ്ങാൻ സൂര്യ ഹരിജന്‍ സാധിച്ചില്ല.