മുംബൈ: ക്രിസ്തുമത വിശ്വാസികൾക്കും പള്ളികൾക്കുമെതിരെ നടക്കുന്ന സംഘടിത ആക്രമണങ്ങൾക്കെതിരെ മുംബൈയിൽ വൻ പ്രതിഷേധ റാലി. ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ സമസ്ത് ക്രിസ്തി സമാജിൻ്റെ നേതൃത്വത്തിൽ ആസാദ് മൈതാനത്ത് നടന്ന റാലിയിൽ ആയിരക്കണക്കിനു വിശ്വാസികൾ അണിനിരന്നു. ക്രിസ്തുമത വിശ്വാസികൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങളും ലക്ഷ്യംവച്ചുള്ള കടന്നാക്രമണങ്ങളും വ്യാപകമാണ്. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് വ്യാജ പരാതികൾ ചുമത്തുന്നു. അക്രമി സംഘങ്ങൾക്ക് അധികൃതരുടെ സംരക്ഷണം കിട്ടുന്നുണ്ടെന്നും സമാജിൻ്റെ കോർ കമ്മിറ്റി അംഗം ഡോൾഫി ഡിസൂസ ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തണമെന്നും നിയമവിരുദ്ധമായി തകർക്കപ്പെട്ട പള്ളികൾ പുനർനിർമിക്കണമെന്നും റാലി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മണിപ്പൂരിലെ മൂന്ന് ക്രിസ്ത്യൻ പള്ളികൾ ബിജെപി സർക്കാർ പൊളിച്ചു നീക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും ക്രിസ്ത്യൻ മതവിശ്വാസികളെ പ്രീണിപ്പിക്കാൻ പള്ളികൾ കയറിയിറങ്ങിയതിന് പിന്നാലെയാണ് മൂന്ന് പള്ളികൾ തകർത്തത്. മണിപ്പൂരിലെ ആദിവാസി കോളനികളിലെ കാത്തലിക്ക് ഹോളി സ്പിരിറ്റ് പള്ളി, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച്, ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച് എന്നിവയാണ് പൊളിച്ചത്.