ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരായ വിമർശനം തടയാൻ 2021 ലെ ഐ ടി ചട്ടം ദേദഗതി ചെയ്തു. മോദിയെയും സർക്കാരിനെയും തുറന്നു കാണിക്കുന്ന മാധ്യമങ്ങളെ നേരിടുകയാണ് ലക്ഷ്യം. സംഘപരിവാറിൻ്റെ പ്രലോഭനങ്ങൾക്കും ഭീഷണിക്കും വഴങ്ങാത്ത മാധ്യമങ്ങൾക്ക് മേൽ ഇതു വഴി കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. സർക്കാരിനെയും ബിജെപിയെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശിക്കുന്നതിന് തടയിടുകയാണ് മറ്റൊരു ലക്ഷ്യം. സർക്കാരിനെതിരായ വ്യാജ വാർത്തകൾ നിയന്ത്രിക്കാനെന്ന പേരിലാണ് മാധ്യമങ്ങൾക്കു മേൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. കേന്ദ്രസർക്കാരിൻ്റെ വസ്തുതാപരിശോധന വിഭാഗം വ്യാജമെന്ന് മുദ്രകുത്തിയാൽ ആ വാർത്തയും അഭിപ്രായപ്രകടനങ്ങളും നീക്കം ചെയ്യണം. ഫെയ്സ്ബുക്ക്, ട്വിറ്റർ, യുട്യൂബ്, ഗൂഗിൾ തുടങ്ങിയ ഇന്റർമീഡിയേറ്ററികളും എയർടെൽ, ജിയോ, വൊഡാഫോൺ–-ഐ ഡിയ തുടങ്ങിയ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരും ഇത് നീക്കം ചെയ്യണമെന്നാണ് കേന്ദ്ര നിർദേശം. വാർത്ത കളെക്കുറിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) അഭിപ്രായം പറയും. വസ്തുതാ പരിശോധനക്ക് പിഐബി യിൽ പ്രത്യേക സംവിധാനം ഉണ്ടാകും.
വിവരങ്ങൾ വ്യാജമോ വസ്തുതാ വിരുദ്ധമോ ആണെന്ന് സർക്കാർ പറഞ്ഞാൽ ഉടൻ തന്നെ അവ സ്വയം നീക്കം ചെയ്യണം. ഫെയ്സ്ബുക്ക്, ട്വിറ്റർ, യൂടൂബ്, ഗൂഗിൾ തുടങ്ങി സാമൂഹ്യ മാധ്യമങ്ങളും എയർടെൽ, ജിയോ, വോഡഫോൺ- ഐഡിയ തുടങ്ങിയ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരും ഇത്തരം കാര്യങ്ങൾ നീക്കം ചെയ്യാൻ ബാധ്യസ്ഥരാണ്. ഭേദഗതി പാലിക്കാത്ത കമ്പനികളുടെ ‘സേഫ് ഹാർബർ പരിരക്ഷ’ നഷ്ടമാകും. കേന്ദ്രസർക്കാർ നടപടി ആശങ്കാജനകമാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷനും അഭിപ്രായപ്പെട്ടു. എന്നാൽ, വ്യാജവാർത്ത നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഐ ടി, ഇലക്ട്രോണിക്സ് വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. മീഡിയാവൺ കേസിൽ മാധ്യമങ്ങൾക്ക് അനാവശ്യമായി കടിഞ്ഞാണിടാൻ നോക്കരുതെന്ന് സുപ്രീംകോടതി വിമർശിച്ച് ദിവസങ്ങൾക്കുള്ളിലാണ് സെൻസർഷിപ്പ് നീക്കം തുടങ്ങിയത്. ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാനുള്ള ചില വ്യവസ്ഥയും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.