ന്യൂ ഡൽഹി: ഗുജറാത്തിൽ ബി ജെ പി എംപിക്കും എംഎൽഎക്കുമൊപ്പം വേദി പങ്കിട്ട് ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗക്കേസിലെ പ്രതി. മാർച്ച് 25ന് ഗുജറാത്ത് ദാഹോദ് ജില്ലയിലെ കർമാഡി ഗ്രാമത്തിൽ ജല വിതരണ പദ്ധതി ഉദ്ഘാടന ചടങ്ങിലാണ് പ്രതി ശൈലേഷ് ചിമൻലാൽ ഭട്ടിനെ വിശിഷ്ടാതിഥിയായി എം പിക്കും എംഎൽഎക്കുമൊപ്പം വേദിയിൽ മുൻ നിരയിലിരുത്തി ആദരിച്ചത്. സംഘപരിവാറിൻ്റെ നികൃഷ്ട മുഖം ഒരിക്കൽ കൂടി തുറന്നു കാട്ടിയാണ് 2002 ലെ ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി നടന്ന കൂട്ട ബലാൽസംഗക്കേസിലെ പ്രതി പൊതുവേദിയിൽ ഇടം പിടിച്ചത്.
ദാഹോദ് എംപിയായ ജസ്വന്ത് സിങ് ബാബോറിനും സഹോദരനും ലിഖേഡ ബിജെപി എംഎൽഎയുമായ ശൈലേഷ് ബാബോറിനുമൊപ്പം ചിമൻലാൽ വേദിയിൽ ഇരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ചിത്രങ്ങളിൽ അവർക്കൊപ്പം നിരന്തരമായി ഇടപഴകുന്നതും പൂജകളിലും മറ്റും പോസ്സ് ചെയുന്നതുമൊക്കെ കാണാം.
2002ലെ ഗുജറാത്ത് കലാപത്തതിനിടെ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പതിനൊന്ന് പ്രതികളെ ഗുജറാത്ത് സർക്കാർ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിൻ്റെ പരിഗണനയിലാണ്. പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തത് ചോദ്യം ചെയ്ത് വിവിധ സാമൂഹ്യ പ്രവർത്തകർ നൽകിയ ഹർജികളും ജസ്റ്റിസുമാരായ കെ.എം ജോജസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.
പ്രതികളെ കൂട്ടത്തോടെ ജയിൽ മോചിതരാക്കിയ ഗുജറാത്ത് സർക്കാരിൻ്റെ നടപടി സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബിൽക്കിസ് ബാനു ഹർജിയിൽ പറഞ്ഞു. കുറ്റവാളികളെ ഒരുമിച്ച് ജയിൽ മോചിതരാക്കിയത് തന്നെയും കുടുംബത്തെയും മാനസികമായി തകർക്കുന്ന നടപടിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002ൽ സംഘപരിവാർ നടത്തിയ മുസ്ലിം വേട്ടക്കിടയിലാണ് ഗർഭിണിയായ ബിൽക്കിസ് ബാനു കൂട്ട ബലാൽസംഗത്തിനിരയായത്. അവരുടെ മൂന്ന് വയസുള്ള മകൾ അടക്കം കുടുംബത്തിലെ ഏഴു പേരെ ക്രൂരമായി കൊലപ്പെടുത്തി. കേസിൽ പതിനൊന്ന് പ്രതികളെ മുംബൈയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2022 ആഗസ്ത് 15 ന് പതിനൊന്ന് പ്രതികളെയും ഗുജറാത്ത് സർക്കാർ മോചിപ്പിച്ചു. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികത്തിൻ്റെ പേരിലാണ് മനുഷ്യ മന:സാക്ഷിയെ നടുക്കിയ ക്രൂര ബലാൽസംഗക്കേസിലെയും നരഹത്യയിലെയും പ്രതികൾ ജയിലഴിക്കു പുറത്തെത്തിയത്. നിയമ വ്യവസ്ഥയെ ചവുട്ടിയരച്ച ഗുജറാത്ത് സർക്കാർ തീരുമാനം വൻ പ്രതിഷേധ മുയർത്തിയെങ്കിലും സർക്കാർ പിന്തിരിഞ്ഞില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ അനുമതിയോടെയാണ് പ്രതികളെ തുറന്നു വിട്ടതെന്ന് സത്യവാങ്മൂലം നൽകിയ ഗുജറാത്ത് സർക്കാർ പ്രതികൾ നല്ല സ്വഭാവക്കാരാണെന്ന സർട്ടിഫിക്കറ്റും നൽകി. പ്രതികൾ ബ്രാഹ്മണരും. നല്ല സംസ്കാരത്തിന് ഉടമകളുമാണെന്ന് ബി ജെ പി എംഎൽഎ സി കെ റൗൽജി പ്രകീർത്തിച്ചു. സംഘപരിവാർ നേതൃത്വത്തിൽ വൻ വരവേൽപ്പാണ് ഈ നരാധമന്മാർക്ക് ലഭിച്ചത്. പ്രതികളെ തുറന്നു വിട്ടതിനെതിരെ ബിൽക്കിസ് ബാനു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തുടക്കത്തിൽ തിരിച്ചടിയായിരുന്നു ഫലം. നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുന്ന അവരുടെ ഹരജി ഇപ്പോൾ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ചിൻ്റെ പരിഗണനയിലാണ്.
സിബിഐയും പ്രത്യേക കോടതി ജഡ്ജിയും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന എതിർപ്പ് അവഗണിച്ചാണ് ഗുജറാത്ത് സർക്കാർ കേന്ദ്ര ഗവൺമെന്റിൻ്റെ പൂർണ പിന്തുണയോടെ പ്രതികളെ മോചിപ്പിച്ചത്. സിബിഐ പ്രത്യേക കോടതി ജഡ്ജിയുടെ വിയോജനക്കുറിപ്പിൽ ഇങ്ങിനെ പറഞ്ഞു: “ശിക്ഷിക്കപ്പെട്ട എല്ലാ പ്രതികളും നിരപരാധികളെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതിന് കുറ്റക്കാരാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഗർഭിണികളെയും പോലും പ്രതികൾ ഒഴിവാക്കിയില്ല. മനുഷ്യത്വത്തിനെതിരായ ഏറ്റവും നീചമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തത്. അവർക്ക് ഏറ്റവും ഉയർന്ന ശിക്ഷ തന്നെ ലഭിക്കണം.” ഏറ്റവും ഉയർന്ന ശിക്ഷ ലഭിക്കേണ്ടവരെന്ന് നീതി പീഠങ്ങൾ നിരീക്ഷിച്ച കൊടും ക്രിമിനലുകളെ പൊതുവേദികളിൽ ആദരിച്ച് സംഘപരിവാർ നിയമ വ്യവസ്ഥയെ ചവുട്ടി മെതിക്കുന്നു.